രാസായുധം പ്രയോഗിച്ചാല്‍ സൈനികനടപടി-സിറിയയ്ക്ക് ഒബാമയുടെ മുന്നറിയിപ്പ്

Posted on: 22 Aug 2012



വാഷിങ്ടണ്‍/ദമാസ്‌കസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സിറിയയില്‍ വിമതര്‍ക്കെതിരെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാസായുധങ്ങള്‍ ഉപയോഗിച്ചാല്‍ സൈനികമായി ഇടപെടുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പുനല്‍കി. സിറിയയില്‍ സൈനികമായി ഇടപെടാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സേനാനീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫലം മറ്റൊന്നാകും -വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഒബാമ പറഞ്ഞു.

രാസായുധങ്ങള്‍ വിന്യസിക്കുന്നതും ഉപയോഗിക്കുന്നതും മേഖലയിലെ സംഘര്‍ഷം രൂക്ഷമാകാന്‍ വഴിയൊരുക്കുമെന്ന് പറഞ്ഞ ഒബാമ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സിറിയന്‍ പ്രസിഡന്റ് അസദിനും അദ്ദേഹത്തിന്റെ പിന്നില്‍ കളിക്കുന്നവര്‍ക്കും മുന്നറിയിപ്പുനല്‍കുകയും ചെയ്തു.

ലോകത്ത് രാസായുധങ്ങള്‍ കൈവശംവെക്കുന്ന രാജ്യങ്ങളില്‍ നാലാമത്തെ സ്ഥാനം സിറിയയ്ക്കുണ്ടെന്നാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നത്. എന്നാല്‍, രാസായുധങ്ങള്‍ സ്വന്തം ജനങ്ങള്‍ക്കെതിരെ ഒരിക്കലും ഉപയോഗിക്കുകയില്ലെന്ന് സിറിയന്‍ വിദേശകാര്യ വക്താവ് കഴിഞ്ഞമാസം പറഞ്ഞിരുന്നു.

അതിനിടെ, തിങ്കളാഴ്ചയും സിറിയന്‍ നഗരങ്ങളായ ദമാസ്‌കസ്, ദേര, അലെപ്പോ എന്നിവിടങ്ങളില്‍ പ്രസിഡന്റ് അസദിന്റെ സൈന്യവും വിമതസൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടര്‍ന്നു. അലെപ്പോയിലുണ്ടായ വെടിവെപ്പില്‍ ലേഖകനായ മിക യമമോട്ടോ കൊല്ലപ്പെട്ടതായി ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജപ്പാന്‍ പ്രസ്സിനുവേണ്ടി ജോലിചെയ്യുന്ന മുതിര്‍ന്ന യുദ്ധകാര്യലേഖകനായിരുന്നു 45 കാരനായ യമമോട്ടോ.

സിറിയയില്‍ പോരാട്ടങ്ങളിലിതുവരെയായി 18,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 1,70,000 പേര്‍ രാജ്യത്തുനിന്ന് പലായനം ചെയ്തതായും 25 ലക്ഷം ജനങ്ങള്‍ക്ക് വൈദ്യസഹായം വേണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തേ, പ്രസിഡന്റ് അസദ് അധികാരത്തില്‍നിന്ന് പുറത്താകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാത്തതിനെത്തുടര്‍ന്ന് സിറിയയിലേക്കുള്ള പുതിയ അന്താരാഷ്ട്രസമാധാനദൂതന്‍ ലഖ്ദാര്‍ ബ്രാഹിമി വിമര്‍ശംനേരിട്ടിരുന്നു. എന്നാല്‍, ഒരു പരിഹാരം കണ്ടെത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ബ്രാഹിമി പറഞ്ഞു. മുന്‍ സമാധാനദൂതന്‍ കോഫി അന്നന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അള്‍ജീരിയയിലെ മുന്‍ വിദേശകാര്യമന്ത്രിയായ ബ്രാഹിമി ചുമതലയേറ്റത്.

അതിനിടെ, നാലുമാസത്തെ ദൗത്യം അവസാനിപ്പിച്ച് സിറിയയിലെ യു.എന്‍. നിരീക്ഷകസംഘം തിങ്കളാഴ്ച മടങ്ങി. പകരമായി തലസ്ഥാനമായ ദമാസ്‌കസില്‍ ഓഫീസ് തുറക്കാനും യു.എന്‍. തീരുമാനിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/