കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങള്‍

Posted on: 20 Aug 2012


ഡോ. കെ.എ.രതീഷ്, (മാനേജിങ് ഡയറക്ടര്‍, സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍)



മൂലധന അപര്യാപ്തതയാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ നേരിടുന്ന ഒരു പ്രതിസന്ധി. ഒറ്റത്തവണയായി സാമ്പത്തികസഹായം ലഭിച്ചാല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിലൂടെ കോര്‍പ്പറേഷനെ ലാഭത്തിലെത്തിക്കാനാകും.


കശുവണ്ടി വ്യവസായത്തെക്കുറിച്ച് കൊല്ലത്തൊരു ചൊല്ലുണ്ട് 'ഈ വ്യവസായം കശുവണ്ടിയുടെ ആകൃതിപോലെ തന്നെ കുഴപ്പം പിടിച്ചതാണ്'. വളരെ ക്ഷമയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുഴുവന്‍ പൊടിഞ്ഞ് ഒന്നിനും കൊള്ളാതാകും. എന്നാല്‍ കാര്യക്ഷമതയോടെ മുഴുവന്‍ കശുവണ്ടി പരിപ്പായി എടുത്താലോ മികച്ച നേട്ടവുമാണ്.

കശുവണ്ടി വാങ്ങലും വില്പനയും മാത്രമല്ല അതിന്റെ പ്രോസസ്സിങ്ങും വളരെ ബുദ്ധിപരമായി വേണം കൈകാര്യം ചെയ്യാന്‍. എവിടെയെങ്കിലും ഒരു തെറ്റോ അലംഭാവമോ സംഭവിക്കുകയാണെങ്കില്‍ അതിനു വലിയ വില നല്‍കേണ്ടി വരും.

കശുവണ്ടി വ്യവസായത്തില്‍ പ്രധാനമായും രണ്ടു വിഭാഗമുണ്ട്. ഗവണ്മെന്റ് കമ്പനികളും സ്വകാര്യ കമ്പനികളും. സ്വകാര്യ സംരംഭകരില്‍ കൂടുതല്‍ പേരും തലമുറകളായി ഈ വ്യവസായം ചെയ്യുന്നവരാണ്. നാലാമത്തെ തലമുറ ബിസിനസ്സുകാര്‍ വരെയുണ്ട്. മറ്റൊരു വിഭാഗം താത്കാലിക ലാഭം മാത്രം നോക്കി വ്യവസായം നടത്തുന്നവരാണ്.

വര്‍ഷം മുഴുവന്‍ തോട്ടണ്ടി ലഭിക്കത്തക്കവിധമാണ് ലോക കശുവണ്ടി സീസണ്‍ വരുന്നത്. ഇന്ത്യന്‍ സീസണ്‍ കഴിഞ്ഞാല്‍ കിഴക്കന്‍ ആഫ്രിക്കന്‍ സീസണ്‍. അത് കഴിഞ്ഞാല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന്. കശുവണ്ടി വ്യവസായം ഒരു ഊഹക്കച്ചവടമാണ്. കശുവണ്ടി വാങ്ങുവാന്‍ ആഫ്രിക്കന്‍ വനത്തില്‍ പോകാനുള്ള ധൈര്യം കാണിച്ചാല്‍ ചിലപ്പോള്‍ വില കുറച്ച് ലഭിച്ചേക്കും. എന്നാല്‍ ജീവനും പണത്തിനും യാതൊരു ഗ്യാരന്റിയുമില്ല.

വളരെ വലിയ കമ്മോഡിറ്റി ട്രേഡേഴ്‌സ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നുണ്ട്. അവരില്‍ നിന്നും തോട്ടണ്ടി വാങ്ങുവാന്‍ കഴിയും. വില കുറച്ചുകൂടി കൂടുമെന്നു മാത്രം. കൂടുതല്‍ വ്യവസായികളും ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് കപ്പലില്‍ വരുന്ന തോട്ടണ്ടി പുറം കടലില്‍ കച്ചവടം ചെയ്യുന്ന 'ഹൈ സീ സെയില്‍' എന്ന രീതിയും ഇപ്പോള്‍ സര്‍വസാധാരണമാണ്. ആഫ്രിക്കയില്‍ നിന്നും തോട്ടണ്ടി ഇന്ത്യയില്‍ എത്തുന്നതിനു 45 മുതല്‍ 60 ദിവസം വരെ എടുക്കും. ഇതിനിടയില്‍ വില കൂടുകയോ കുറയുകയോ ചെയ്യാം.

തോട്ടണ്ടി വാങ്ങി ഇവിടെ എത്തിച്ച് പരിപ്പാക്കി വരുമ്പോഴേക്കും പലപ്പോഴും പരിപ്പിന്റെ വിലയും തോട്ടണ്ടിയുടെ വിലയും തമ്മില്‍ വലിയ വ്യത്യാസം വരുന്നു. ഇത് മുന്‍കൂട്ടി കണ്ട് തോട്ടണ്ടി വാങ്ങുമ്പോള്‍ തന്നെ പരിപ്പ് വില്‍ക്കും. ഇവിടെ വിശ്വാസ്യതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. വില കൂടിയാലും കുറഞ്ഞാലും വിശ്വാസ്യതയുള്ളവരുമായി വയ്ക്കുന്ന കോണ്‍ട്രാക്ട് പാലിക്കപ്പെടും. അതേസമയം വില കൂടിയാല്‍ കോണ്‍ട്രാക്ട് പാലിക്കാത്തവരുമുണ്ട്. ഇവര്‍ക്ക് വില കുറയുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയും കിട്ടുക സാധാരണമാണ്.

തോട്ടണ്ടി തിരഞ്ഞെടുക്കുന്നതിലും വളരെ ശ്രദ്ധവേണം. തോട്ടണ്ടി വാങ്ങുമ്പോള്‍ കട്ടിങ് ടെസ്റ്റാണ് വില നല്‍കാന്‍ സ്വീകരിക്കുന്ന മാനദണ്ഡം. ബയറും സെല്ലറും അംഗീകരിക്കുന്ന ഇന്റര്‍നാഷണല്‍ ക്വാളിറ്റി ഏജന്‍സികളാണ് കട്ടിങ് ടെസ്റ്റ് നടത്തുന്നത്. ഇതിനെല്ലാമുപരിയായി ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് പലപ്പോഴും പ്രവചനാതീതമാകുന്നത് വ്യവസായത്തെ സാരമായി ബാധിക്കുന്നു. ഇങ്ങനെ ഒട്ടേറെ അസ്ഥിരതകള്‍ നിറഞ്ഞ ഒന്നാണ് കശുവണ്ടി വ്യവസായം.

ഇത്രയേറെ അനിശ്ചിതത്വം നിറഞ്ഞ ഒരു വ്യവസായ മേഖലയിലേക്കാണ് സര്‍ക്കാര്‍ പ്രവേശിച്ചിട്ടുള്ളത്. തൊഴിലാളികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഗവണ്മെന്റ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആരംഭിക്കുന്നത്. തോട്ടണ്ടി വാങ്ങുന്നതിന് ഗവണ്മെന്റ് ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ടെന്‍ഡര്‍ വിളിക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 20 ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ആവശ്യമുണ്ട്. എന്നാല്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും വിദേശ മാര്‍ക്കറ്റില്‍ നിന്നുമായി 14 ലക്ഷം ടണ്‍ മാത്രമേ സംഭരിക്കുവാന്‍ കഴിയുന്നുള്ളൂ.

കുറഞ്ഞത് ആറുലക്ഷം ടണ്‍ എങ്കിലും കുറവുള്ളത് ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിച്ച് നല്‍കുവാന്‍ സപ്ലൈയര്‍മാര്‍ തയ്യാറാകുന്നില്ല എന്നതാണ് കോര്‍പ്പറേഷന്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം. സ്വകാര്യകമ്പനികള്‍ അപ്പോള്‍ തന്നെ പണം കൊടുത്തു തോട്ടണ്ടി വാങ്ങുമ്പോള്‍ അവരുമായി മത്സരിച്ചു ടെന്‍ഡറില്‍ തോട്ടണ്ടി വാങ്ങേണ്ടി വരുന്നു. കോര്‍പ്പറേഷന്റെ മുഴുവന്‍ ഉത്പാദനക്ഷമതയും ഉപയോഗിക്കത്തക്കവിധം പ്രവര്‍ത്തന മൂലധനം ഇല്ലാത്ത അവസ്ഥയുമുണ്ട്. ഗവണ്മെന്റ് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന കൂലി തൊഴിലാളികള്‍ക്ക് കൊടുക്കുവാന്‍ ബാധ്യസ്ഥരുമാണ്. ഇങ്ങനെ ഒരേ മാര്‍ക്കറ്റില്‍ നിന്നും തോട്ടണ്ടി വാങ്ങുകയും, ഒരേ മാര്‍ക്കറ്റില്‍ പരിപ്പ് വില്‍ക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് വരുന്നതിനാല്‍ ഗവണ്മെന്റ് കമ്പനിക്ക് നഷ്ടം നേരിടേണ്ടി വരുന്നു.

തോട്ടണ്ടി കയറ്റിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്താന്‍ 45 മുതല്‍ 60 ദിവസം വരെ എടുക്കാറുണ്ട്. അതിനാല്‍ വശങ്ങളിലുള്ള ചാക്കിലെ തോട്ടണ്ടി പലപ്പോഴും കിളിര്‍ക്കാറുണ്ട്. ഇതൊക്കെ സര്‍ക്കാര്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നങ്ങളാണ്.

തൊഴിലാളികള്‍ക്ക് ആനുപാതികമായി സ്റ്റാഫംഗങ്ങളും ഗവണ്മെന്റ് കമ്പനിയില്‍ ഉണ്ടാകും. എന്നാല്‍ പ്രൈവറ്റ് കമ്പനിയില്‍ നാമമാത്രമായ സ്റ്റാഫംഗങ്ങള്‍ മാത്രമേ കാണുകയുള്ളൂ. പ്രൈവറ്റ് സ്ഥാപനങ്ങളും ഗവണ്മെന്റ് സ്ഥാപനങ്ങളും തമ്മില്‍ കൂലിച്ചെലവിനു വലിയ അന്തരം ഉണ്ടാകുന്നു. ഇതും ഗവണ്മെന്റ് സ്ഥാപനത്തിന്റെ നഷ്ടത്തിന് കാരണമാണ്. ഇതിനൊക്കെ പുറമേയാണ് മാറി മാറി വരുന്ന സര്‍ക്കാരുകളും മാറിവരുന്ന ഉദ്യോഗസ്ഥരും. ഗവണ്മെന്റ് പോളിസിക്കനുസരിച്ചു ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ അളവും വ്യത്യാസപ്പെടുന്നു. എങ്കിലും എല്ലാ ഗവണ്മെന്റുകളും ഫാക്ടറി നന്നായി നടക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതിനിടയിലാണ് കശുവണ്ടി വ്യവസായത്തെപ്പറ്റി അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ മാറിമാറി എത്തുന്നത്. ഇതും പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

ഏഴുവര്‍ഷമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറാണ് ഞാന്‍. 100 കോടി രൂപയെങ്കിലും പ്രവര്‍ത്തന മൂലധനം വേണ്ട സ്ഥാനത്ത് ഗവണ്മെന്റ് തരുന്ന പരിമിതമായ സാമ്പത്തികം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ പരിമിതികള്‍ ഉണ്ടെങ്കിലും ഗവണ്മെന്റിന്റെ ചട്ടക്കൂട്ടില്‍ നിന്നും കഴിഞ്ഞകാലങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രവര്‍ത്തനം ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ്. അത് പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.

ഇന്ത്യയില്‍ കശുവണ്ടിയുടെ ആഭ്യന്തര ഉപയോഗം വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയും പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തുകയും ചെയ്താല്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാം. അന്താരാഷ്ട്ര വിപണിയില്‍ മുഴുവന്‍ പരിപ്പിനാണ് ഡിമാന്‍ഡ്. പൊടിഞ്ഞ പരിപ്പിന് വിലക്കുറവാണ് ലഭിക്കുക. അതിനാല്‍ മുറിഞ്ഞ പരിപ്പില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ ലാഭകരമായ പ്രവര്‍ത്തനത്തിന് കഴിയുകയുള്ളൂ. സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിന്റെ (സി.എഫ്.ടി.ആര്‍.ഐ.) സഹായത്തോടെ കശുവണ്ടി പരിപ്പില്‍ നിന്നും കോര്‍പ്പറേഷന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാഷ്യുസൂപ്പ്, കാഷ്യുപൗഡര്‍, കാഷ്യുബിറ്റ്, കാഷ്യുവിറ്റ എന്നിവയാണിത്. ചോക്കലേറ്റ് കോട്ടഡ് കാഷ്യുവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് വേണ്ടിയുള്ള മെഷിനറി സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായി കോര്‍പ്പറേഷന്‍ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. അതില്‍ തന്നെ കഴിഞ്ഞ മൂന്നുവര്‍ഷം മുഴുവന്‍ ജോലി നല്‍കി (282 ദിവസം വീതം). വാര്‍ഷിക വിറ്റുവരവ് 271 കോടി രൂപയിലെത്തി. ആവശ്യത്തിന് പ്രവര്‍ത്തനമൂലധനം ഇല്ലാത്തതാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ നേരിടുന്ന ഒരു പ്രധാന പ്രതിസന്ധി. ഒറ്റത്തവണയായി സാമ്പത്തിക സഹായം ലഭ്യമാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി പ്രോസസ്സറായ കോര്‍പ്പറേഷന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും അതിലൂടെ ലാഭത്തിലെത്താനും കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

2011-12 ലെ കണക്കനുസരിച്ച് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴില്‍ 30 ഫാക്ടറികള്‍ 288 ദിവസം പ്രവര്‍ത്തിച്ചു. 270.68 കോടി രൂപയുടെ മൊത്തം വിറ്റുവരവ് നേടിയ സ്ഥാപനത്തിന് സര്‍ക്കാര്‍ വായ്പയും ഗ്രാന്‍ഡുമായി ലഭിച്ചത് 28.75 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനനഷ്ടം രണ്ടരകോടി രൂപയായിരുന്നു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/