ശിവഗിരി ട്രസ്റ്റ് തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ധാരണ
Posted on: 20 Aug 2012
കൊച്ചി: ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനും കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ഹൈക്കോടതിയോടനുബന്ധിച്ചുള്ള കേരള മീഡിയേഷന്‍ സെന്ററിലെ മധ്യസ്ഥര്‍ ശിവഗിരിയില്‍ സ്വാമിമാരുമായി നടത്തിയ ചര്‍ച്ചകളിലാണ് ധാരണയായത്.
പ്രകാശാനന്ദപക്ഷത്തുനിന്നും സൂഷ്മാനന്ദ പക്ഷത്തുനിന്നും ഇരുപത്തിരണ്ടോളം സ്വാമിമാര്‍ പങ്കെടുത്തു. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഇരുവിഭാഗവും തീരുമാനിച്ചു. കേസുകള്‍ പിന്‍വലിച്ച് വിശദമായ വിവരങ്ങള്‍ ഉടമ്പടി രൂപത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.
മൂന്ന് തവണ മീഡിയേഷന്‍ സെന്റര്‍ സിററിങ്ങ് നടത്തിയ ശേഷമാണ് തര്‍ക്കം പരിഹരിച്ചത്. അഡ്വ. സി. ഇ. ഉണ്ണികൃഷ്ണന്‍, അഡ്വ. എസ്. കെ. ബാലചന്ദ്രന്‍, അഡ്വ. സജു എസ്. പൂന്തോടത്ത് എന്നിവരുടെ പാനലാണ് ചര്‍ച്ച നടത്തിയത്. സ്വാമിമാരായ പ്രകാശാനന്ദയെയും ഋതംബരാനന്ദയേയും പ്രതിനീധികരിച്ച് അഭിഭാഷകര്‍ പങ്കെടുത്തു. സ്വാമിമാരായ സൂഷ്മാനന്ദ, വിശുദ്ധാനന്ദ, സച്ചിതാനന്ദ, അമേയാനന്ദ, ശാരദാനന്ദ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
എല്ലാ സ്വാമിമാര്‍ക്കും പങ്കെടുക്കുന്നതിനായി മധ്യസ്ഥ ശ്രമം ശിവഗിരിയില്‍ നടത്തണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സിറ്റിങ്ങ്.