മലയാളി എഞ്ചിനീയറെ തലയ്ക്കടിച്ചുകൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 12 Aug 2012
കവര്‍ച്ച ചെയ്ത കാര്‍ കണ്ടെടുത്തു
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ മലയാളി എഞ്ചിനീയറെ തലയ്ക്കടിച്ചുകൊന്ന് കാറും മൊബൈലും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഗുഡ്ഗാവ് ദര്‍ബാരിപുര്‍ ഗ്രാമത്തിലെ പല്‍റയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ പേരാവൂര്‍ കൊളക്കാട് പള്ളിത്താഴത്ത് സജി(42) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ഗുഡ്ഗാവ് ദര്‍ബാരിപുര്‍ വില്ലേജിലെ അഖിലേഷ്(25), മുജേരി വില്ലേജിലെ ദീപക്(20) എന്നിവരാണ് പിടിയിലായത്. സജിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഗുഡ്ഗാവ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി പോലീസ് പട്രോളിങ്ങിനിടെയാണ് പ്രതികള്‍ പിടിയിലായത്. ദര്‍ബാരിപുര്‍- ഹാണ്‍പുര്‍ റോഡിലൂടെ ബൈക്കില്‍ വരുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. സജിയുടെ കാര്‍ കവര്‍ച്ച ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് മനസ്സിലാകുന്നതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ജൂലായ് 28-ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. എന്‍.ടി.പി.സി.യില്‍ ജോലി ചെയ്യുന്ന സജി കാറില്‍ വീട്ടിലേക്ക് മടങ്ങുംവഴി അക്രമികള്‍ തലയ്ക്കടിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സജിയുടെ മാരുതി റിറ്റ്‌സ് കാറും മൊബൈലും പണവും കവര്‍ച്ച ചെയ്യപ്പെട്ടു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ സജി, ഗുഡ്ഗാവിലെ അര്‍ത്തെമിസ് ആസ്പത്രിയില്‍വെച്ചാണ് മരിച്ചത്.
കേസിലെ എഫ്.ഐ.ആറില്‍ പോലീസ് കൃത്രിമം നടത്താന്‍ ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. വൃക്കരോഗിയായതിനാലാണ് സജി മരിച്ചതെന്നാണ് പോലീസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തലയ്ക്ക് മുറിവേറ്റകാര്യം കൂട്ടിച്ചേര്‍ത്ത് പിന്നീട് എഫ്.ഐ.ആര്‍. മാറ്റിയെഴുതുകയായിരുന്നു. അതുപോലെ, വൃക്കരോഗവും അള്‍സറുമാണ് മരണകാരണമെന്ന നിലയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആദ്യംവന്നത്. തുടര്‍ന്ന് ആസ്പത്രിയിലെത്തിയ സജിയുടെ സുഹൃത്തുക്കളും ബന്ധുക്കളും മലയാളി സംഘടനകളും നടത്തിയ പ്രതിഷേധത്തിന്റെ ഫലമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് മുറിവേറ്റ കാര്യവും ചേര്‍ത്തു.
സജിയും ഇറ്റലി സ്വദേശിയായ ഭാര്യ അല്‍സാന്ദ്രയും ചേര്‍ന്ന് പാവപ്പെട്ട കുട്ടികള്‍ക്കായി 'ഷെല്‍ട്ടര്‍ ഹോം' എന്ന സ്ഥാപനം നടത്തിയിരുന്നു. ഹരിയാണ വൈദ്യുതി ബോര്‍ഡില്‍ സബ് ഡിവിഷണല്‍ എഞ്ചിനീയറായ സജി, ഒരു വര്‍ഷത്തോളമായി എന്‍.ടി.പി.സി.യില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.