കേരളത്തിലെ മരുന്നുവിപണി പഠനവിധേയമാക്കുന്നു; ഗവേഷണ കേന്ദ്രവും തുടങ്ങും

Posted on: 12 Aug 2012


ബി.രാജേഷ്‌കുമാര്‍



കൊച്ചി: സംസ്ഥാനത്ത് ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദമായ ഗവേഷണ, മാര്‍ക്കറ്റിങ്ങ് പഠനത്തിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രംഗത്ത്. സര്‍ക്കാര്‍ ആസ്​പത്രികളിലേക്ക് മരുന്നുകളും ഉപകരണങ്ങളും നല്‍കുന്ന കോര്‍പ്പറേഷന്‍ പഠനത്തിന്റെ ഭാഗമായി ഗവേഷണ കേന്ദ്രം രൂപവത്കരിക്കാനും ആലോചിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം മരുന്നുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ പഠനത്തിനൊരുങ്ങുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ 15 ശതമാനം വരെ ഉപയോഗിക്കുന്നത് കേരളീയരാണ്.എന്നാല്‍ മരുന്നിന്റെ കേരളമാര്‍ക്കറ്റിനെ പറ്റി ഇനിയും വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ നടന്നിട്ടില്ല.

കേരള മെഡിക്കല്‍ സര്‍വകലാശാല, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ മരുന്നുകളുടെ പഠനത്തിനായി റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ഇത് സംബന്ധിച്ച പ്രൊജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി അംഗീകരിക്കുന്ന പക്ഷം 25 ലക്ഷം രൂപയുടെയെങ്കിലും ധനസഹായം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് മരുന്നുകളുടെ ഉപയോഗരീതി, പ്രതിശീര്‍ഷ ഉപയോഗം, വിലകൂടിയതും കുറഞ്ഞതുമായ മരുന്നുകളുടെ ഉപയോഗത്തിലുള്ള വ്യത്യാസം, വിലയും ഗുണവും കുറഞ്ഞ മരുന്നുകളുടെ വില്‍പ്പന, ഓരോ മരുന്നിന്റെയും ഗുണഫലം തുടങ്ങിയവ പഠനവിധേയമാക്കും. ഔഷധങ്ങളുടെ ഏതുബ്രാന്‍ഡാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെന്നും പഠനവിധേയമാക്കും. കേരള മാര്‍ക്കറ്റില്‍ എത്ര കോടിയുടെ മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നു, ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങാന്‍ എഴുതുന്നതെന്തുകൊണ്ടാണ്, ചില കമ്പനികള്‍ മാര്‍ക്കറ്റില്‍ മേധാവിത്വം നേടുന്നതെന്തുകൊണ്ട്, കമ്പനികള്‍ മരുന്നുവിപണത്തിന് സ്വീകരിക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ എന്തെല്ലാമാണ്, ജനറിക് നാമത്തിന് പകരം ബ്രാന്‍ഡുകള്‍ കുറിക്കുന്നതെന്തുകൊണ്ട് തുടങ്ങിയവയും പഠിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/