സാഹിത്യ ചോരണം: ഫരീദ് സഖറിയയ്ക്ക് സസ്‌പെന്‍ഷന്‍

Posted on: 12 Aug 2012



ന്യൂയോര്‍ക്ക്: പ്രസിദ്ധ ഇന്ത്യന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫരീദ് സഖറിയയെ സാഹിത്യ ചോരണത്തിന്റെ പേരില്‍ സി.എന്‍.എന്നും 'ടൈം' മാഗസിനും സസ്‌പെന്‍ഡ് ചെയ്തു. 'ടൈമി'ല്‍ എഴുതിയ ലേഖനത്തില്‍ സാഹിത്യ ചോരണം നടത്തിയെന്ന് അംഗീകരിച്ച സഖറിയ മാപ്പുപറഞ്ഞതിനെത്തുടര്‍ന്നാണിത്.

ആഗസ്ത് 20-തിലെ തന്റെ കോളത്തില്‍ എഴുതിയ ആയുധ നിയന്ത്രണത്തെപ്പറ്റിയുള്ള ലേഖനത്തിലാണ് 'ന്യുയോര്‍ക്കര്‍' മാസികയില്‍ വന്ന ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ സഖറിയ പകര്‍ത്തിയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അമേരിക്കന്‍ ചരിത്ര പ്രൊഫസര്‍ ജില്‍ ലെപോര്‍ എഴുതിയ 'ബാറ്റില്‍ ഗ്രൗണ്ട് അമേരിക്ക' എന്ന ലേഖനത്തില്‍നിന്നുള്ള ഭാഗങ്ങളായിരുന്നു ഇത്. 'ന്യൂസ്ബസ്റ്റേഴ്‌സ്' എന്ന വെബ്‌സൈറ്റാണ് ഇരുലേഖനങ്ങളിലെയും സമാനത കണ്ടെത്തിയത്. ഈ വിവരം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെ വാര്‍ത്തയായി.

ഇതേത്തുടര്‍ന്നാണ് സാഹിത്യ ചോരണം നടത്തിയെന്ന് സഖറിയ അംഗീകരിച്ചത്. 'ന്യുയോര്‍ക്കറി'ന്റെ ഏപ്രില്‍ 23-നിറങ്ങിയ ലക്കത്തിലെ ലെപോറിന്റെ ലേഖനത്തില്‍ നിന്നാണ് മോഷണം നടത്തിയതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. വലിയ കുറ്റമാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം ധാര്‍മികമായ സത്യസന്ധത പുലര്‍ത്താത്തതിന് മാപ്പപേക്ഷിക്കുകയും ചെയ്തു.

സഖറിയയുടെ മാപ്പപേക്ഷ സ്വീകരിച്ചതായി 'ടൈമി'ന്റെ വക്താവ് ആലി സെലെനികോ അറിയിച്ചു. എന്നാല്‍, തങ്ങളുടെ കോളമെഴുത്തുകാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളാണ് അദ്ദേഹം ലംഘിച്ചതെന്ന് അവര്‍ പറഞ്ഞു. ലേഖനങ്ങള്‍ വസ്തുനിഷ്ഠമെന്നപോലെ സ്വതന്ത്രവുമായിരിക്കണം. കാഴ്ചപ്പാടുകളും ആശയങ്ങളും ലേഖകരുടെ സ്വന്തമായിരിക്കണം എന്നിവയാണ് 'ടൈമി'ന്റെ മാനദണ്ഡങ്ങള്‍.

സഖറിയയുടെ കോളം ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചതായി 'ടൈം' അറിയിച്ചു. ഇതേ കാലയളവില്‍ സി.എന്‍.എന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് അറിയിച്ചു. വിദേശ കാര്യങ്ങളെക്കുറിച്ചുള്ള സി.എന്‍.എന്‍. പരിപാടിയുടെ അവതാരകനാണ് സഖറിയ. 'ഫരീദ് സഖറിയ ജി.പി.എസ്' എന്നാണ് പരിപാടിയുടെ പേര്. വിവാദമായ ലേഖനത്തിന്റെ ഒരു ചെറുപതിപ്പ് സി.എന്‍.എന്നിന്റെ ബ്ലോഗായ സി.എന്‍.എന്‍. ഡോട് കോമിലും സഖറിയ പ്രസിദ്ധീകരിച്ചിരുന്നു.

മുംബൈയില്‍ ജനിച്ച് യേല്‍, ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ നാല്‍പ്പത്തിയെട്ടുകാരനായ സഖറിയ, 'ടൈമി'ന്റെ എഡിറ്റര്‍മാരില്‍ ഒരാളും സി.എന്‍.എന്നിലെ അവതാരകനും 'വാഷിങ്ടണ്‍ പോസ്റ്റി'ലെ കോളമിസ്റ്റും എഴുത്തുകാരനുമാണ്. വിദേശകാര്യം, വാണിജ്യം, അമേരിക്കയുടെ വിദേശകാര്യനയം എന്നിവയാണ് അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സഖറിയയുടെ ലേഖനങ്ങള്‍ ഇനിമുതല്‍ പരിശോധിക്കുമെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' എഡിറ്റോറിയല്‍ പേജ് ഡയറക്ടര്‍ ഫ്രെഡ് ഹയാട്ട് അറിയിച്ചു.

'ഫോറിന്‍ അഫയേഴ്‌സ്' മാസികയുടെ മാനേജിങ് എഡിറ്റര്‍, 'ന്യൂസ്‌വീക്ക് ഇന്റര്‍നാഷണ'ലിന്റെ എഡിറ്റര്‍, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സഖറിയയ്ക്ക് 2010-ല്‍ പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന മേഖലയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചായിരുന്നു ഇത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/