ഇന്ത്യന്‍ യുവതി പാകിസ്താനിലെ അനാഥാലയത്തില്‍

Posted on: 12 Aug 2012



ഇസ്‌ലാമാബാദ്:ഊരും പേരും പറയാനാകാതെ, ഇന്ത്യന്‍ യുവതി പന്ത്രണ്ട് വര്‍ഷമായി പാക് അനാഥാലയത്തില്‍.

താന്‍ 'ഗീത'യെന്ന് വിളിക്കുന്ന ഊമയും ബധിരയുമായ യുവതിയെ ഇന്ത്യയിലെ ബന്ധുക്കളെ കണ്ടെത്തി ഏല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പാക് മനുഷ്യാവകാശ പ്രവര്‍ത്തകയായ ബില്‍ക്കീസ് എധി. പ്രമുഖ കാരുണ്യ സംഘടനയായ എദി ഫൗണ്ടേഷന്റെ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ എധിയുടെ ഭാര്യയാണ് ബില്‍ക്കീസ്.

ഒരു വ്യാഴവട്ടം മുമ്പ് ഇന്ത്യയില്‍ നിന്ന് ലാഹോറിലേക്കുള്ള തീവണ്ടിയിലാണ് ഗീത പാകിസ്താനിലെത്തുന്നത്. റെയില്‍വേസ്റ്റേഷനില്‍ അനാഥയായി അലഞ്ഞ ബാലികയെ പോലീസ് സര്‍ക്കാര്‍ ക്ഷേമകേന്ദ്രത്തിലാക്കി. സംസാരശേഷിയില്ലാത്ത അവളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായില്ല, . ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടു.

ബന്ധുക്കളെ കാണാത്തതിന്റെ നിരാശയും ദേഷ്യവും സംരക്ഷണകേന്ദ്രങ്ങളില്‍ അവളെ വഴക്കാളിയാക്കി. ഇടയ്ക്കിടെ രക്ഷപ്പെടാനും ശ്രമം നടത്തി. ഇതോടെ ഒരു കേന്ദ്രത്തില്‍നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ കറാച്ചിയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് മൂന്ന് മാസം മുമ്പ് ബില്‍ക്കീസ് അവളെ കണ്ടെത്തുന്നത്.

ഇപ്പോള്‍ എദി ഫൗണ്ടേഷന്റെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലാണ് 'ഗീത'. മെലിഞ്ഞ് പൊക്കം കുറഞ്ഞ ഇരുണ്ട നിറമുള്ള അവള്‍ക്ക് 22 വയസ്സെങ്കിലും പ്രായമുണ്ടാകുമെന്ന് ബില്‍ക്കീസ് പറഞ്ഞു. സംരക്ഷണ കേന്ദ്രത്തിലൊരുക്കിയ പൂജാമുറിയില്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം അവള്‍ കണ്ണീരൊഴുക്കുന്നത് നാട്ടിലെ തന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്താവുമെന്നാണ് ബില്‍ക്കീസ് കരുതുന്നത്. നാട്ടില്‍ തനിക്ക് ഏഴ് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ടെന്ന് ഗീത ആംഗ്യഭാഷയില്‍ പറയുന്നു.

ഗീതയുടെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്താനുള്ള ബില്‍ക്കീസിന്റെ ശ്രമത്തിന് പിന്തുണയായി അവിടത്തെ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഉണ്ട്. ആ ശ്രമം പരാജയപ്പെടരുതെന്ന പ്രാര്‍ഥനയാണ് ഗീതയ്ക്കും അനാഥാലയത്തിലെ അവളുടെ സുഹൃത്തുക്കള്‍ക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/