കോര്‍പ്പറേറ്റുകളുടെ സംഭാവന സ്വീകരിക്കുന്നില്ല- സി.പി.എം
Posted on: 12 Aug 2012
ഏഴുവര്‍ഷംകൊണ്ട് ലഭിച്ചത് 417 കോടിരൂപ
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളില്‍നിന്ന് സി.പി.എം. സംഭാവനകള്‍ സ്വീകരിക്കുന്നില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. ആന്ധ്രയിലെ ചില കമ്പനികളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് പൊളിറ്റ് ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കമ്പനികളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായും സി.പി.എം. പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ട് പാര്‍ട്ടിക്ക് ലഭിച്ച സംഭാവന 417 കോടിരൂപയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇരുപതിനായിരം രൂപയ്ക്കുമേലുള്ള സംഭാവനകള്‍ വെളിപ്പെടുത്താന്‍ നിയമപ്രകാരം പാര്‍ട്ടിക്ക് ബാധ്യതയുണ്ട്. അതിനാല്‍ 20,000 രൂപയ്ക്കുമേല്‍ സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍ ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പുകമ്മീഷനും നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കമ്പനികളുടെയോ വ്യക്തികളുടെയോ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവെച്ചിട്ടില്ല-പ്രസ്താവനയില്‍ പറയുന്നു
പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. അവരുടെ സംഭാവനകള്‍ ഇരുപതിനായിരത്തിലും ഏറെ കുറവാണ്. 2005 മുതല്‍ 2011 വരെ പാര്‍ട്ടിക്ക് ലഭിച്ചത് 417,26,36,817 രൂപയാണ്. ഇതില്‍ നാല്‍പ്പത് ശതമാനത്തോളവും
(166,79,55,343 രൂപ) പാര്‍ട്ടി അംഗങ്ങള്‍ നല്‍കുന്ന ലെവിയാണ്. മെമ്പര്‍ഷിപ്പ് ഫീസ് 2,56,51,113 രൂപ, സംഭാവനകള്‍ 165,66,64,584 രൂപ, തിരഞ്ഞെടുപ്പ് ഫണ്ട് 48,34,78,760 രൂപ, പലവിധ വരുമാനം
8,75,58,146 രൂപ, നിക്ഷേപങ്ങളിലെ പലിശ 23,40,26, 481 രൂപ, പ്രസിദ്ധീകരണം 1,68,09,278 രൂപ, സ്റ്റോക്കിലെ വര്‍ധന(പ്രസിദ്ധീകരണം) 4,93,112 രൂപ എന്നിവയാണ് പാര്‍ട്ടിയുടെ മറ്റു വരുമാനം.
ഈ ഏഴുവര്‍ഷം വ്യക്തികള്‍, കമ്പനികള്‍, സൊസൈറ്റികള്‍ തുടങ്ങിയവയില്‍നിന്ന് പാര്‍ട്ടി സ്വീകരിച്ച 20,000 രൂപയ്ക്കുമേലുള്ള വരുമാനം 3,35,96,941 രൂപയാണ്. കമ്പനികളില്‍നിന്നും സൊസൈറ്റികളില്‍നിന്നുമുള്ള ആകെ സംഭാവനകള്‍ 1,45,31,914 രൂപയാണ്. ആകെ വരുമാനത്തിന്റെ 0.35 ശതമാനംമാത്രമാണിത്- പാര്‍ട്ടി വ്യക്തമാക്കി.
പാര്‍ട്ടിവരുമാനത്തില്‍ കൂടുതല്‍പങ്കും വാര്‍ഡ്, വില്ലേജ്, താലൂക്ക്, ജില്ലാതലങ്ങളില്‍നിന്നാണ്. അതത് പാര്‍ട്ടികമ്മിറ്റികള്‍ ഇതിന്റെ കണക്കുകള്‍ സൂക്ഷിക്കുകയും 20,000 രൂപയ്ക്കുമേല്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. വരുമാനത്തെക്കുറിച്ചോ സംഭാവന നല്‍കുന്നവരെ ക്കുറിച്ചോ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.