എല്ലാവര്‍ക്കും മൊബൈല്‍: ധനമന്ത്രാലയം എതിര്‍ക്കുന്നു; പ്രഖ്യാപനം വൈകും
Posted on: 12 Aug 2012
ന്യൂഡല്‍ഹി: ബി.പി.എല്‍. കുടുംബങ്ങള്‍ക്കെല്ലാം മൊബൈല്‍ഫോണ്‍ വിതരണംചെയ്യാനുള്ള പദ്ധതിയെ കേന്ദ്രധനമന്ത്രാലയം എതിര്‍ത്തു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
ഏഴായിരം കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തില്‍ പ്രഖ്യാപിക്കാനായിരുന്നു നീക്കം. എന്നാല്‍ ധനമന്ത്രാലയം എതിര്‍ത്തതോടെ പദ്ധതിപ്രഖ്യാപനം വൈകും.
മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ 5.1 ശതമാനമാണ് ബജറ്റില്‍ കണക്കാക്കിയ ധനക്കമ്മി. ഈ സാഹചര്യത്തില്‍ വന്‍തുക മുടക്കുമുതലുള്ള മൊബൈല്‍ഫോണ്‍ പദ്ധതി നടപ്പാക്കുന്നത് പ്രതിസന്ധി കൂട്ടുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ സ്വാതന്ത്ര്യദിനത്തില്‍ പദ്ധതിപ്രഖ്യാപനം ഉണ്ടായേക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബി.പി.എല്‍. ഗണത്തിലുള്ള ഏഴുകോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ഫോണ്‍ വിതരണം ചെയ്യാനായിരുന്നു കേന്ദ്രനീക്കം. ഒരു മൊബൈല്‍ ഫോണിന് ആയിരംരൂപ കണക്കാക്കിയിരുന്നു. 200 മിനിറ്റ് സൗജന്യസംഭാഷണസമയം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ഇതുസംബന്ധിച്ച് പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ധന-ടെലികോംമന്ത്രാലയങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരമൊരു നിര്‍ദേശം തങ്ങളുടേതല്ലെന്നാണ് ടെലികോംമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം പദ്ധതിയെ കാര്യമായി പിന്തുണയ്ക്കുന്നുണ്ട്. ടെലികോംശൃംഖല വ്യാപിപ്പിക്കാനും വോട്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെടാനും പദ്ധതി സഹായിക്കുമെന്ന് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം കരുതുന്നു. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ പദ്ധതി ഏറെ ഗുണകരമാവുമെന്നും വിലയിരുത്തപ്പെട്ടു. 'ഹര്‍ ഹാത്ത് മേ ഫോണ്‍' (എല്ലാ കരങ്ങളിലും ഫോണ്‍) എന്ന മുദ്രാവാക്യത്തിലാണ് പദ്ധതി.
എന്നാല്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതികള്‍ വേറെയാണെന്നും കോണ്‍ഗ്രസ്സില്‍ ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. വീട്ടില്‍ വൈദ്യുതിയില്ലെങ്കില്‍ എങ്ങനെ മൊബൈല്‍ഫോണ്‍ ചാര്‍ജുചെയ്യാന്‍ കഴിയുമെന്നാണ് ഈ വിഭാഗത്തിന്റെ ചോദ്യം. തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും കളര്‍ ടി.വിയും മറ്റു വാഗ്ദാനം ചെയ്തതിനു സമാനമായി കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ഫോണ്‍ പദ്ധതി പ്രഖ്യാപിക്കുന്നതിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനു പുറമെ കോണ്‍ഗ്രസ്സിലെ വിമര്‍ശനവും പദ്ധതി പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാറിനെ പിന്തിരിപ്പിക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam