കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 651 കോടി രൂപ നഷ്ടം

Posted on: 12 Aug 2012



ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വീണ്ടും നഷ്ടത്തില്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 651 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 264 കോടി രൂപയെക്കാള്‍ ഇരട്ടിയില്‍ അധികം.

2005ല്‍ സ്ഥാപിതമായതു മുതല്‍ ഇതുവരെ കമ്പനി ലാഭം നേടിയിട്ടില്ല. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യന്‍ വ്യോമയാന രംഗത്തെ തകര്‍ച്ചയുടെ ഏറ്റവും വലിയ രക്തസാക്ഷിയാണ്. വിമാന ഇന്ധനത്തിനുള്ള ഉയര്‍ന്ന നികുതി, ഉയര്‍ന്ന എയര്‍പോര്‍ട്ട് നിരക്കുകള്‍, കടുത്ത നിയന്ത്രണങ്ങള്‍ എന്നിവയാണ് കമ്പനിയെ ദോഷകരമായി ബാധിക്കുന്നതെന്ന് വിലയിരുത്തുന്നു. രൂപയ്‌ക്കെതിരെ ഡോളറിന്റെ വിനിമയമൂല്യം ഉയര്‍ന്നതും തിരിച്ചടിയായി.

അതിനിടെ, കമ്പനിയിലെ ഒരു വിഭാഗം ജീവനക്കാര്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അഞ്ചുമാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഒരു വിഭാഗം പൈലറ്റുമാരും എന്‍ജിനീയര്‍മാരും സമരം നടത്തുന്നത്.

അതേസമയം, ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും മാര്‍ച്ച് മാസത്തിലെ ശമ്പളം ഉടന്‍ നല്‍കുമെന്നും മല്യ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ മുതല്‍ മുടക്കാന്‍ ആഭ്യന്തര നിക്ഷേപകരോ വിദേശ എയര്‍ലൈനുകളോ തയ്യാറാവില്ലെന്നാണ് സൂചന.

ഇന്‍ഡിഗോ മാത്രമായിരുന്നു ലാഭത്തിലുള്ള ഇന്ത്യന്‍ വിമാനക്കമ്പനി. എന്നാല്‍, ഇക്കഴിഞ്ഞ ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സും ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റും ലാഭം നേടിയത് വ്യോമയാന രംഗത്തുള്ളവരെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് കിങ്ഫിഷര്‍ 651 കോടി രൂപയുടെ നഷ്ടക്കണക്ക് പുറത്തുവിടുന്നത്. കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യമായ 598 കോടി രൂപയെക്കാള്‍ കൂടുതലാണ് ഏപ്രില്‍ -ജൂണ്‍ കാലയളവിലെ നഷ്ടം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/