സി.ബി.എസ്.ഇ. സ്‌കൂള്‍ എന്‍.ഒ.സി.വ്യവസ്ഥ: ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

Posted on: 09 Aug 2012



കൊച്ചി: പുതുക്കിയ വ്യവസ്ഥയനുസരിച്ച് 200 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി.നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 60 അപേക്ഷകളാണ് ബാക്കിയുള്ളത്. മൂന്ന് ഏക്കര്‍ ഭൂമി ഉള്‍പ്പെടെ സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥ പാലിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തയ്യാറാണെന്ന് ഇത് സൂചന നല്‍കുന്നുവെന്നാണ് സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ.ജലീല്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് സി.കെ.അബ്ദൂള്‍ റഹീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലും ഹര്‍ജികളും വിധി പറയാനായി മാറ്റിയിട്ടുണ്ട്.

സി.ബി.എസ്. ഇ.സ്‌കൂളുകള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാരിനാണ് സമ്പൂര്‍ണാധികാരമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വാദിച്ചു. ഇവയുടെ നടത്തിപ്പിന് വ്യവസ്ഥ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് പഠിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇത് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സി.ബി.എസ്.ഇ.സ്‌കൂളുകളില്‍ ശമ്പളം തീരെ കുറവാണെന്ന പരാതിയുമായി കത്തുകളുടെ പ്രവാഹമാണെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളം നല്‍കുന്നുണ്ടോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. എന്‍.ഒ.സി.വ്യവസ്ഥ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലും വ്യവസ്ഥയ്‌ക്കെതിരെ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജികളിലുമാണ് കോടതി വാദം കേട്ടത്.

സംസ്ഥാനത്ത് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ മൂന്ന് ഏക്കര്‍ സ്ഥലം, കുറഞ്ഞത് 300 വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികളുടെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ നല്‍കല്‍ എന്നീ വ്യവസ്ഥകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് സ്റ്റേ ചെയ്തതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. കൂണുപോലെ മുളച്ചു പൊന്തുന്ന സി.ബി.എസ്.ഇ. സ്‌കൂളുകളുടെ നിലവാരം ഉറപ്പാക്കാനാണ് നിയന്ത്രണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/