അതിരുകളില്ലാത്ത സേവനപാത തുറന്ന് ഡോക്ടര്‍മാരുടെ കുട്ടായ്മ
Posted on: 09 Aug 2012
തിരുവനന്തപുരം: ആരോഗ്യ സേവനത്തിന് അതിരുകളില്ലെന്ന പ്രഖ്യാപനവുമായി ഡോക്ടര്‍മാരുടെ കുട്ടായ്മ. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ക്ക് വഴിയൊരുക്കാനായി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് സംഘടനയുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി നടത്തും.
വ്യാഴാഴ്ച ശ്രീചിത്ര ആസ്പത്രിയിലും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ബോധവത്കരണ പരിപാടി നടത്തുമെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇന്ത്യന്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ഡോ.എസ്.എസ്. സന്തോഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 4 ന് ശ്രീചിത്ര ആസ്പത്രിയിലും രാത്രി 7 ന് മെഡിക്കല്‍ കോളേജ് പഴയ ഓഡിറ്റോറിയത്തിലുമാണ് പരിപാടി. 11 ന് രാവിലെ 11.45 ന് ഗോകുലം മെഡിക്കല്‍ കോളേജിലും ബോധവത്കരണ പരിപാടി നടത്തും.
പ്രകൃതിദുരന്തങ്ങള്‍, യുദ്ധം തുടങ്ങിയ പ്രതിസന്ധികളിലെ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ദുരന്തനിവാരണ പരിപാടികളെപ്പറ്റി സമ്മേളനത്തില്‍ പ്രതിപാദിക്കും. അതിരുകളില്ലാത്ത സേവനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, മാനസികാരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരെ സജ്ജരാക്കുക എന്നതാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എം.എസ്.എഫ്. സൗത്ത് ഏഷ്യ ഹ്യൂമന്‍ റിസോഴ്‌സസ് ഹെഡ് ഫര്‍ഹദ് മാന്റു പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെഡിക്കല്‍ മേഖലയില്‍ നിന്നും മൂന്നു മാസംവരെയും പാരാമെഡിക്കല്‍ മേഖലയില്‍ നിന്നും ഒരു വര്‍ഷം വരെയും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് അവര്‍ പറഞ്ഞു. സൗത്ത് ഏഷ്യ എച്ച്.ആര്‍. ഹെഡ് സഹീദ് ഷാഫി അന്‍സാരി, ഡോ. രാജേഷ് വിജയന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സന്തോഷ്‌കുമാര്‍ 9447016512, ഇ-മെയില്‍ india-hrmPoca.msf.org.