ടി.പി.വധക്കേസ് രണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ ആലോചന
Posted on: 08 Aug 2012
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ 2009തില്‍ വധിക്കാന്‍ ശ്രമിച്ചകേസിലും കൊലപാതകക്കേസിലും ആയി രണ്ട് കുറ്റപത്രംസമര്‍പ്പിക്കുന്ന കാര്യം അന്വേഷണസംഘം പുനരാലോചിക്കുന്നു. രണ്ട് കേസുകളായി രജിസ്റ്റര്‍ ചെയ്ത ഈ രണ്ടു സംഭവങ്ങളും ഒറ്റ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്.
എന്നാല്‍, പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളിലും വ്യത്യസ്ത കുറ്റപത്രം സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രതിപ്പട്ടികയിലെ ക്രമത്തിന് കാര്യമായ മാറ്റം വരില്ലെങ്കിലും ആദ്യ കുറ്റപത്രത്തില്‍ നാല്‍പ്പത്തൊന്ന് പ്രതികള്‍ എന്നത് മാറും. കൊലയാളി സംഘത്തിലെ എം.സി. അനൂപ് തന്നെയാവും വധക്കേസിലെ ഒന്നാം പ്രതി. രണ്ട് കുറ്റപത്രങ്ങളും തയാറാക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യം കോടതിയില്‍ സമര്‍പ്പിക്കുക കൊലപാതകക്കേസിലെ കുറ്റപത്രമായിരിക്കും. പത്തിന് കുറ്റപത്രം സമര്‍പ്പിക്കാനാനുള്ള സാധ്യത ഇതോടെ ഇല്ലാതായി. കേസിലെ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതുകൊണ്ട് കുറ്റപത്ര സമര്‍പ്പണം ആഗസ്ത് 14-നപ്പുറം നീളില്ല എന്നാണ് പോലീസ് നല്‍കുന്ന സൂചന.
ഇതുവരെ പിടിയിലായ സി.പി.എം. തലശ്ശേരി ഏരിയ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന്‍, പോണ്ടിഷാജി, ചെട്ടിഷാജി എന്നിവര്‍ക്കെതിരെയാണ് വധശ്രമക്കേസ് മാത്രമുള്ളത്. മറ്റ് ഭൂരിഭാഗം പ്രതികളും കൊലപാതകത്തിലും വധശ്രമത്തിലും പങ്കാളികളായവരാണ്.
അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കൊടിസുനിയെ മൂത്രാശയ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.