തന്ത്രിക്കേസ്: ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന്

Posted on: 08 Aug 2012



കൊച്ചി: ശബരിമല മുന്‍തന്ത്രി കണ്ഠര് മോഹനരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ചചെയ്ത കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ശിക്ഷ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഇ.സി. ഹരിഗോവിന്ദന്‍ ബുധനാഴ്ച പ്രഖ്യാപിക്കും.

കുറ്റക്കാരായ ഒന്‍പത് പ്രതികളില്‍ എട്ടുപേര്‍ ചൊവ്വാഴ്ച ഹാജരായിരുന്നു. അവരെ സബ് ജയിലിലേക്ക് റിമാന്‍ഡ്‌ചെയ്തു. ഒളിവിലുള്ള പ്രതി അബ്ദുള്‍ സഹദിന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ പ്രതിയെ പിടികിട്ടിയാല്‍ പിന്നീട് ശിക്ഷവിധിക്കും. പ്രതിയായ ബിനില്‍കുമാര്‍ എന്ന വിജിലും ആസിഫും ഒഴിവിലാണ്. അവരെ പിടികൂടാന്‍കഴിഞ്ഞാല്‍ പിന്നീട് വിചാരണചെയ്യും. കുറ്റക്കാരായ പ്രതികള്‍ക്ക് പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാം.

2006 ജൂലായ് 23നാണ് സംഭവം. ശോഭാ ജോണും സീരിയല്‍ നിര്‍മാതാവായ ബെച്ചു റഹ്മാനും ചേര്‍ന്ന് ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ തോക്കും കത്തിയുംകാണിച്ച് ഭീഷണിപ്പെടുത്തി ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്തിരുന്ന എറണാകുളം സൗത്തിലെ ഒരു ഫ്‌ളാറ്റില്‍വച്ച് മോഹനരെയും ശാന്ത എന്ന സ്ത്രീയെയും നഗ്‌നരാക്കിയശേഷം ക്യാമറയില്‍ ചിത്രങ്ങളെടുത്തു. അവ പ്രസിദ്ധീകരിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി പണവും മോഹനരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും ആവശ്യപ്പെട്ടു. 20,000 രൂപയും മൂന്നുലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പ്രതികള്‍ കവര്‍ന്നുവെന്നാണ് കേസ്.

ട്രാവലിങ് ഏജന്‍സി നടത്തിയിരുന്ന ശോഭാ ജോണും കാസര്‍കോട് സ്വദേശി ബെച്ചു റഹ്മാനുമാണ് കേസിലെ മുഖ്യ സൂത്രധാരകര്‍ എന്ന് തെളിവുകള്‍ വിലയിരുത്തി കോടതി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും നിയമം അനുശാസിക്കുന്ന രീതിയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ പി.ജി. മനു ബുധനാഴ്ച കോടതിയില്‍ ഉന്നയിക്കും. ശബരിമല ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ അപകീര്‍ത്തിപ്പെടുത്താനും മതവികാരങ്ങള്‍ വ്രണപ്പെടുത്താനുമാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. അതിനായി പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും തെളിവുണ്ട്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഭൂരിഭാഗവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ജഡ്ജി ഇ.സി. ഹരിഗോവിന്ദന്‍ വിധിയില്‍ വ്യക്തമാക്കി.

കണ്ഠര് മോഹനരുമായി ശാന്ത എന്ന സ്ത്രീക്ക് അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രതികള്‍ ആരോപിച്ചിരുന്നു. ശോഭാ ജോണിന്റെ ഫ്‌ളാറ്റില്‍ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് മുന്‍ തന്ത്രി എത്തിയതെന്നും അവിടെ അപ്പോള്‍ ശാന്ത ഉണ്ടായിരുന്നുവെന്നും പ്രതികള്‍ ആരോപിച്ചു. എന്നാല്‍, തെളിവുകളും കേസിലെ വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്തി പ്രതികളുടെ വാദങ്ങള്‍ കോടതി തള്ളി. കണ്ഠര് മോഹനര് അനാശാസ്യത്തിന് എത്തിയെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. ഒരുപക്ഷെ ചില സംശങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ആരോപണങ്ങള്‍ക്ക് അത് മതിയായ അടിസ്ഥാനമല്ല. മുന്‍ തന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സ്വഭാവദൂഷ്യം ഉണ്ടായിട്ടുള്ളതായി ഒരു തെളിവും ഇല്ലെന്നും കോടതി പറഞ്ഞു. മോഹനര്‍ക്കുവേണ്ടി അഡ്വ. സി.എസ്. മണിലാല്‍ ഹാജരായിരുന്നു. മോഹനര് പാലാരിവട്ടത്ത് ഒരു കെട്ടിടം വാങ്ങിയിരുന്നു. അതിന്റെ സൂക്ഷിപ്പുകാരനായി ഏറ്റുമാനൂരില്‍ നിന്ന് ജയപ്രകാശ് എന്നൊരാളെ ശാന്ത ഏര്‍പ്പാടു ചെയ്തിരുന്നു. ജയപ്രകാശിനെ കൊണ്ടുപോകാനായിരുന്നു മോഹനര് ഫ്‌ളാറ്റില്‍ എത്തിയത്. ഇക്കാര്യം തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. മറ്റെല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള പ്രധാന സാക്ഷികളായിരുന്നു മോഹനരും ശാന്തയും. ശാന്തയ്‌ക്കെതിരെ പ്രതികള്‍ ഉന്നയിച്ച സ്വഭാവദൂഷ്യവും മോഹനരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങളും കോടതി തള്ളി. ഒരു സ്ത്രീയ്‌ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരിക്കലും പൊറുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ ചാരിത്ര്യത്തെ അവഹേളിക്കുന്നതിന് തുല്യമാണിത്. സുപ്രീം കോടതിയുടെ ഒരു വിധി ഉദ്ധരിച്ചുകൊണ്ട് അങ്ങനെയുള്ള ഒരു സ്ത്രീയുടെ മൃതദേഹത്തിന് പോലും തന്നെ അപമാനിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. മോഹനരും ശാന്തയും കോടതിയില്‍ നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമാണെന്ന് കോടതി പറഞ്ഞു.

ജയപ്രകാശിനെ കൂട്ടിക്കൊണ്ടുപോകാന്‍ കണ്ഠര് മോഹനര് ഫ്‌ളാറ്റില്‍ എത്തുമെന്ന് ശോഭാ ജോണിന് അറിയാമായിരുന്നുവെന്നും അതിനായി അവര്‍ കളമൊരുക്കി കാത്തിരിക്കുകയായിരുന്നുവെന്നും തെളിവുകളില്‍ നിന്ന് കോടതി കണ്ടെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വേണുവാണ് കേസ് അന്വേഷിച്ചത്.അനില്‍കുമാര്‍, അബ്ദുള്‍സത്താര്‍, ഷെറീഫ്, മനോജ്, ഷെറീഫ്, ബിജിപീറ്റര്‍, അബ്ദുള്‍ സഹദ് എന്നിവരാണ് കുറ്റക്കാരായ മറ്റ് പ്രതികള്‍.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/