താനെയില്‍ ഇനി റോഡില്‍ തുപ്പിയാല്‍ 100 രൂപ പിഴ

Posted on: 06 Aug 2012



താനെ: താനെ നഗരസഭ പുതിയ നിയമാവലി നടപ്പാക്കി. പുതിയ ജനറല്‍ബോഡി യോഗത്തിലാണ് നഗരത്തിന്റെ ശുചിത്വത്തിനായി ഖരമാലിന്യ നിയമാവലി പുതുക്കി തയ്യാറാക്കിയത്. നഗരത്തില്‍ മലിനീകരണം തടയാനും മലിനീകരണത്തിനുത്തരവാദികളെ ശിക്ഷിക്കാനും നിയമാവലിയില്‍ പുതിയ വ്യവസ്ഥകളും ചേര്‍ത്തിട്ടുണ്ട്.
താനെ നഗരത്തില്‍ ഇനി മുതല്‍ റോഡില്‍ തുപ്പിയാല്‍ 100 രൂപ പിഴ അടയ്ക്കണം. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ 150 രൂപയാണ് പിഴ. പശു, പ്രാവുകള്‍, തെരുവ് നായ്ക്കള്‍ എന്നിവയ്ക്ക് പൊതുനിരത്തില്‍ ഭക്ഷണം നല്‍കിയാല്‍ 500 രൂപ വരെ പിഴ ഈടാക്കാം. വാഹനങ്ങള്‍ കഴുകിയാല്‍ 1,000 രൂപ, പാത്രം, തുണി എന്നിവ കഴുകിയാല്‍ 100 രൂപ ഇങ്ങനെ പോവുന്നു പുതിയ പിഴശിക്ഷ. അതുപോലെ സൊസൈറ്റികളിലെ മലിനീകരണങ്ങള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാനും നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സൊസൈറ്റികളിലെ മലവാഹിനിക്കുഴലുകള്‍ പൊട്ടിയാല്‍ 10 ദിവസത്തിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം 10,000 രൂപ നഗരസഭയ്ക്ക് പിഴ നല്‍കേണ്ടി വരും. ആസ്​പത്രികളിലെ ജൈവ മാലിന്യങ്ങള്‍ മൂലമുണ്ടാവുന്ന മലിനീകരണത്തിന് ആസ്​പത്രി അധികൃതരില്‍നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. കെട്ടിട നിര്‍മാണ രംഗത്തെ ഖരമാലിന്യങ്ങള്‍ പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിച്ചാല്‍ ഒരു ടണ്ണിന് 5,000 രൂപ വരെ പിഴ അടയ്‌ക്കേണ്ടിവരും.
പിഴ അടയ്ക്കാത്തവരെ ഒരു മണിക്കൂര്‍ നേരം നഗരസഭയുടെ ജോലി ചെയ്യിച്ച് ശിക്ഷിക്കും. പൊതുവഴികള്‍ ചൂല് കൊണ്ട് അടിച്ചു വൃത്തിയാക്കുക, ചുമരുകള്‍ കഴുകി വൃത്തിയാക്കുക എന്നിവയായിരിക്കും ഇവര്‍ക്ക് കിട്ടുന്ന ശിക്ഷയെന്നും നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമാവലി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഏജന്‍സികളെ നഗരശുചീകരണത്തിന്റെ ചുമതലയേല്പിക്കാനും ആലോചനയുണ്ട്. മുംബൈ നഗരസഭയുടെ ചുവടു പിടിച്ചാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. എന്നാല്‍ ജനറല്‍ബോഡി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/