അനധികൃത ഖനനക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും
Posted on: 06 Aug 2012
യെദ്യൂരപ്പയ്ക്ക് നിര്‍ണായകം
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ അനധികൃത ഖനനക്കേസില്‍ അന്വേഷണറിപ്പോര്‍ട്ട് സി.ബി.ഐ. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. റിപ്പോര്‍ട്ട് യെദ്യൂരപ്പയ്ക്ക് നിര്‍ണായകമാണ്. യെദ്യൂരപ്പയുടെ മക്കളായ ബി.വൈ. രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ കുറ്റം കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ. സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. അനധികൃത ഖനനക്കേസില്‍ യെദ്യൂരപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന് നേരത്തേ സി.ബി.ഐ. ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. അനധികൃത ഖനനംസംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ ഹിരേമത്ത് നല്‍കിയ ഹര്‍ജി തുടര്‍വാദത്തിനായി തിങ്കളാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ മെയ് 15-നാണ് യെദ്യൂരപ്പയ്ക്കും മക്കള്‍ക്കുമെതിരെ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതി തടയല്‍ നിയമം, കര്‍ണാടക വനനിയമം എന്നിവയിലെ വിവിധവകുപ്പുകള്‍ പ്രകാരം സി.ബി.ഐ. കേസെടുക്കുകയായിരുന്നു. യെദ്യൂരപ്പയെയും മക്കള്‍, മരുമകന്‍ എന്നിവരെയും ചോദ്യംചെയ്യുകയും ഇവരുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ആഗസ്ത് മൂന്നിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടതെങ്കിലും സി.ബി.ഐ. കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പ്രതികൂലമാണെങ്കില്‍ അത് യെദ്യൂരപ്പയുടെ അറസ്റ്റിന് വഴിവെക്കുകയും രാഷ്ട്രീയഭാവിതന്നെ ഇല്ലാതാകുകയും ചെയ്യും. ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് നിയമനത്തിനും ഈ റിപ്പോര്‍ട്ട്‌വരുന്നത് കാക്കുകയാണ്.
ഇരുമ്പയിര് ഖനനത്തിന് വിവിധകമ്പനികള്‍ക്ക് വഴിവിട്ട് സഹായംനല്‍കുകവഴി യെദ്യൂരപ്പ കുടുംബം നേട്ടമുണ്ടാക്കിയെന്ന പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്. യെദ്യൂരപ്പയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള പ്രേരണ എജ്യുക്കേഷന്‍ട്രസ്റ്റിലേക്ക് 20 കോടിരൂപ സംഭാവന ലഭിച്ചെന്നാണ് പരാതി. പ്രേരണ എജ്യുക്കേഷന്‍ ട്രസ്റ്റ് സംഭാവനയായി സ്വീകരിച്ച പണം യെദ്യൂരപ്പ ട്രസ്റ്റിയായുള്ള വിവേകാനന്ദട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. പ്രേരണ എജ്യുക്കേഷന്‍ ട്രസ്റ്റിന് പണം നല്‍കിയത് ജാന്‍ഡാല്‍ മൈനിങ് കമ്പനിയാണ്. റെച്ചനഹള്ളിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം യെദ്യൂരപ്പ പുനര്‍വിജ്ഞാപനംചെയ്തത് സ്വന്തംനേട്ടത്തിന് വേണ്ടിയാണെന്നും പരാതിയിലുണ്ട്.
യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കേ പുനര്‍വിജ്ഞാപനംചെയ്ത റെച്ചനഹള്ളിയിലെ 1.2 ഏക്കര്‍ സ്ഥലം യെദ്യൂരപ്പയുടെ മക്കളും മരുമകനും 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെന്നും പിന്നീട് സൗത്ത് വെസ്റ്റ് മൈനിങ് കമ്പനിക്ക് 20 കോടിക്ക് മറിച്ചുവിറ്റെന്നുമാണ് പരാതി.
ഇതുകൂടാതെ, ഖനനകമ്പനികളില്‍നിന്ന് പ്രേരണ എജ്യുക്കേഷന്‍ട്രസ്റ്റിന് പത്തുകോടിരൂപയും രണ്ടരക്കോടിരൂപ ഭഗത്‌ഹോംസ് പ്രൈവറ്റ് ലിമിറ്റഡിനും മൂന്നരകോടിരൂപ ധാവളഗിരി പ്രോപ്പര്‍ട്ടീസ് ഡവലപ്പേഴ്‌സിനും ലഭിച്ചതായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു. ഖനനത്തിന് അനുവാദം നല്‍കിയതിനുള്ള പ്രത്യുപകാരമായാണ് പണം ലഭിച്ചതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സി.ബി.ഐ. ബാംഗ്ലൂര്‍ യൂണിറ്റ് ഡി.ഐ.ജി. ഹിതേന്ദ്ര, എസ്.പി. ലക്ഷ്മി നാരായണ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗസംഘം നടത്തുന്നത്.