പി.ടി. ബേബി

ലണ്ടന്‍: ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ഒളിമ്പിക്‌സിലെ വേഗമേറിയ വനിതാതാരമായി. ഞായറാഴ്ച പുലര്‍ച്ചെ നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.75 സെക്കന്‍ഡില്‍ പറന്നെത്തിയ ഷെല്ലി നാലുവര്‍ഷം മുമ്പ് ബെയ്ജിങ്ങില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തുകയായിരുന്നു. ലോകോത്തര താരങ്ങള്‍ അണിനിരന്ന ഫൈനലില്‍ അവസാന കുതിപ്പില്‍ അമേരിക്കയുടെ കാര്‍മലീറ്റ ജെറ്ററിനെ (10.78 സെ.) പിന്തള്ളിയാണ് ജമൈക്കക്കാരി സ്വര്‍ണമണിഞ്ഞത്. ജമൈക്കയുടെ തന്നെ വെറോണിക്ക കാംബല്‍ ബ്രൗണിനാണ് വെങ്കലം (10.81 സെ.).
ഒളിമ്പിക് മത്സരങ്ങളുടെ ഒമ്പതാംനാളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിളക്കമേകി വനിതാ ബോക്‌സര്‍ മേരി കോം ഫ്‌ളൈവെയ്റ്റ് (51 കിലോ) വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചുവട്ടം ലോക ചാമ്പ്യനായ മേരി കോം പോളണ്ടിന്റെ കരോളിന മിച്ചാല്‍സൂക്കിനെ പരാജയപ്പെടുത്തിയാണ് (19-14) ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ടുണീഷ്യയുടെ മറൂവ റഹാലിയെ അടുത്ത റൗണ്ടില്‍ തോല്പിച്ചാല്‍ മേരിക്ക് മെഡല്‍ ഉറപ്പാവും.
പുരുഷവിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ തോല്‍വി തുടരുന്നു. ഞായറാഴ്ച ദക്ഷിണ കൊറിയ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇന്ത്യയെ നാണംകെടുത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയാണിത്. നേരത്തേ ഹോളണ്ട്, ജര്‍മനി, ന്യൂസീലന്‍ഡ് ടീമുകളോട് തോറ്റിരുന്നു. ആറു ടീമുകളുടെ ഗ്രൂപ്പില്‍ ബെല്‍ജിയവുമായുള്ള കളി മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ബെയ്ജിങ് ഒളിമ്പിക്‌സിന് (2008) യോഗ്യത നേടാതെ എട്ടു തവണ ചാമ്പ്യന്മാരായ ഇന്ത്യ പുറത്തായത് വന്‍ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചിരുന്നു.