കൊച്ചി: ബിരുദധാരികള്‍ക്ക് നേരിട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സിനു ചേരാനാകുമെന്ന പുതിയ വിജ്ഞാപനം കൂടുതല്‍ വിദ്യാര്‍ത്ഥികളെ സിഎ പഠനത്തിലേക്ക് ആകര്‍ഷിക്കുമെന്ന് ഐസിഎഐ മുന്‍ ദേശീയ പ്രസിഡന്റ് ജി. രാമസ്വാമി.
സിഎ പഠനത്തിന്റെ ആരംഭം മുതല്‍ വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്താന്‍ ഈ വിജ്ഞാപനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷ നികുതി ദേശീയ സെമിനാര്‍ ഡ്രീം ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയുടെ കണ്ടിന്യൂയിങ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ കമ്മിറ്റിയുടെയും ചെന്നൈയിലെ ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ശാഖയുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടന്നത്.
ഐസിഎഐ അഖിലേന്ത്യാ സിപിഇ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ദേവരാജ റെഡ്ഡി അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാര്‍, ദക്ഷിണേന്ത്യന്‍ സിപിഇ കമ്മിറ്റി ചെയര്‍മാന്‍ ബാബു എബ്രഹാം കള്ളിവയലില്‍, എറണാകുളം ശാഖ ചെയര്‍മാന്‍ പി.പി. മാത്തുക്കുട്ടി, സെക്രട്ടറി എം.ഒ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
വേണുഗോപാല്‍ സി. ഗോവിന്ദ്, വേദാംഗ ആര്‍. പ്രഭു, ജോസ് പോട്ടോക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജി. രാമസ്വാമി (കോയമ്പത്തൂര്‍), പദംചന്ത് ഖിന്‍ജ (ബാംഗ്ലൂര്‍), എം. കന്തസ്വാമി (ചെന്നൈ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ടിലെ കേരളത്തിലെ 9 ശാഖകളിലേയും ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ സെമിനാറില്‍ പങ്കെടുത്തു.