ടി.പി. യുടെ ബാധ്യതകള്‍ തീര്‍ത്ത് പഴയ സഖാക്കളുടെ ഐക്യദാര്‍ഢ്യം
വടകര: ഒരുകാലത്ത് ടി.പി.ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചവര്‍, കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരികപ്രവര്‍ത്തകര്‍, ടി.പി.യുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍, പാര്‍ട്ടിവിലക്കുകളെയും എതിര്‍പ്പുകളെയും മറികടന്ന് ഇവരെല്ലാം ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ ഞായറാഴ്ച ഒത്തുചേര്‍ന്നു. പ്രസ്ഥാനത്തിനുവേണ്ടിയുള്ള ജീവിതത്തിനിടയില്‍ പ്രിയസുഹൃത്തിനുണ്ടായ സാമ്പത്തികബാധ്യതകള്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ 18 ലക്ഷംരൂപയോളമാണ് സി.പി.എമ്മിലെ പഴയകാല സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടി.പി.യുടെ കുടുംബത്തിനായി സമാഹരിച്ചത്.
ബാധ്യതകള്‍ തീര്‍ത്തതിന്റെ രേഖകള്‍ ടി.പി.യുടെ ഭാര്യ കെ.കെ. രമയ്ക്കും മകന്‍ അഭിനന്ദിനും എസ്.എഫ്.ഐ.യില്‍ ടി.പി.ക്കൊപ്പം പ്രവര്‍ത്തിച്ച എ. മുഹമ്മദ്‌സലീം കൈമാറി. സി.പി.എം. കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് മുഹമ്മദ്‌സലീം. സി.പി. എമ്മുകാരടക്കമുള്ള നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ടി.പി.യുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെയില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഇവിടെയുമെത്തി. ഈ പരിപാടിയുടെ സംഘാടകരാണ് ധനസമാഹരണത്തിന് നേതൃത്വംനല്‍കിയത്. ചന്ദ്രശേഖരന്റെ പഴയകാല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് തുക നല്‍കിയത്. അഞ്ചുലക്ഷംരൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അത് 18 ലക്ഷം കവിഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ ഞായറാഴ്ച രാവിലെതന്നെ ടി.പി.യുടെ വീട്ടിലേക്കെത്തി. 10.30 ആകുമ്പോഴേക്കും വീടിന്റെ അകവും വരാന്തയും മുറ്റവുമെല്ലാം നിറത്തു. 11 മണിക്ക് വന്നവരെല്ലാം ടി.പി.യുടെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതിനുശേഷമാണ് ബാധ്യത തീര്‍ത്തതിന്റെ രേഖ കൈമാറിയത്.
കെ.അജിത, സി.ആര്‍. നീലകണ്ഠന്‍, കല്പറ്റ നാരായണന്‍, എന്‍. പ്രഭാകരന്‍, യു.കെ. കുമാരന്‍, വി.ആര്‍. സുധീഷ്, സിവിക് ചന്ദ്രന്‍, രാധാകൃഷ്ണന്‍ പട്ടാനൂര്‍, ഡോ. രാഘവന്‍ പയ്യനാട്, വീരാന്‍കുട്ടി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എന്‍. ശശിധരന്‍, എസ്.സിതാര, എം. സുധാകരന്‍, വി.എസ്. അനില്‍കുമാര്‍, കെ.സി. ഉമേഷ്ബാബു, എ.പി. കുഞ്ഞാമു, രാജന്‍ ചെറുവാട്ട്, വിജയരാഘവന്‍ ചേലിയ, ഐ.വി. ബാബു, നൂറനാട് മോഹനന്‍, ശിവദാസ് പുറമേരി, ഡോ. കെ.എം. ഭരതന്‍, ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍, എന്‍. വേണു, ജോസഫ് എം.വര്‍ഗീസ്, എം.എ. റഹ്മാന്‍, ശ്രീനി എടച്ചേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന ഐക്യദാര്‍ഢ്യസംഗമത്തില്‍ ഇവര്‍ സംസാരിച്ചു. സി.പി.എം. മുന്‍ ലോക്കല്‍കമ്മിറ്റി അംഗം എന്‍.പി. പ്രതാപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.എമ്മിന്റെ എടച്ചേരി ലോക്കല്‍കമ്മിറ്റി അംഗം കെ.എസ്. ബിമല്‍ സ്വാഗതം പറഞ്ഞു.