ബംഗാള്‍ സി.ഐ.ടി.യു. പ്രസിഡന്റിന് സ്ഥാനംപോയേക്കും
Posted on: 06 Aug 2012
സി.കെ. സന്തോഷ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്തിരിയേണ്ടിവന്ന സി.ഐ.ടി.യു. പ്രസിഡന്റ് ശ്യാമള്‍ ചക്രവര്‍ത്തിക്ക് സ്ഥാനം പോകാന്‍ സാധ്യത. മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി അനദി സാഹുവിനെ പ്രതിഷ്ഠിക്കുവാനാണ് പാര്‍ട്ടി നീക്കം.
പെട്രോള്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ജൂലായ് 31-ന് സംസ്ഥാനത്ത് വാഹനപണിമുടക്കിന് സി.ഐ.ടി.യു. ആഹ്വാനം ചെയ്തത്. നേരത്തേ നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ബസ്സുടമകള്‍ ഇതേ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിയാല്‍ കര്‍ശന നടപടികളാവും ഉണ്ടാവുക എന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭീഷണി വന്നപ്പോള്‍ ബസ്സുടമകള്‍ സമരം പിന്‍വലിച്ചു. തങ്ങളോടാലോചിക്കാതെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത് എന്ന് ചൂണ്ടിക്കാട്ടി മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇതിനെ പിന്തുണച്ചതുമില്ല. ജനവികാരം എതിരാകുന്നു എന്നുകണ്ടാണ് പണിമുടക്ക് പിന്‍വലിക്കാന്‍ സി.ഐ.ടി.യു. തീരുമാനിച്ചത്. അതിന് മുമ്പേ ഇടതുപക്ഷം പ്രഖ്യാപിച്ച മൂന്നുദിവസത്തെ ധര്‍ണയാണ് പിന്നീട് നടന്നത്.
ശ്യാമള്‍ ചക്രവര്‍ത്തിയുടെ പ്രവര്‍ത്തന രീതി ശരിയല്ലെന്ന് പാര്‍ട്ടിക്കകത്തുതന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. മറ്റ് ഇടതുപക്ഷകക്ഷികള്‍ക്കും ഇതേ അഭിപ്രായമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സ്ഥാനമാറ്റം ആലോചിക്കാന്‍ പണിമുടക്ക് പ്രഖ്യാപനം ഒരുകാരണമായെന്നു മാത്രം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam