അസമില്‍ വീണ്ടും സംഘര്‍ഷം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Posted on: 06 Aug 2012



ഗുവാഹാട്ടി: പത്തുദിവസത്തെ ശാന്തതയ്ക്ക് ശേഷം അസം വീണ്ടും സംഘര്‍ഷത്തിലേക്ക്.

ചിരാഗ്, കൊക്രജാര്‍ ജില്ലകളിലായി അഞ്ചുപേര്‍ കൊല്ലപ്പെട്ടതോടെ ബോഡോമേഖലയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61 ആയി.

ചിരാഗ് ജില്ലയിലെ കവാതിക ഗ്രാമത്തില്‍ അച്ഛനും രണ്ട് ആണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ദുരിതാശ്വാസക്യാമ്പിന് പുറത്തുപോയ ഇവരുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശം വീണ്ടും സംഘര്‍ഷത്തിന്റെ നിഴലിലായി.

കൊക്രജാര്‍ ജില്ലയിലും രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ കാണാതായിട്ടുമുണ്ട്. സംഘര്‍ഷബാധിത മേഖലകളിലേക്ക് കൂടുതല്‍സേനയെ നിയോഗിച്ചതായി ഐ.ജി. എസ്.എന്‍. സിങ് അറിയിച്ചു. ഇവിടങ്ങളില്‍ രാത്രികര്‍ഫ്യൂ തുടരുകയാണ്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരും പ്രദേശവാസികളായ ബോഡോകളും തമ്മിലാണ് സംഘര്‍ഷം. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്ത്രിസഭാസമിതിയെ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് നിയോഗിച്ചു. ദുരിതാശ്വാസക്യാമ്പുകളില്‍ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സാസഹായം എത്തിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

അതിനിടെ 'ബക്‌സ' ജില്ലയിലെ ഗേരേശ്വറില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പോലീസും കരസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഉള്‍ഫാതീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/