സി.പി.എം. മുണ്ടൂര്‍ ഏരിയാസെക്രട്ടറിയെ തരംതാഴ്ത്തി
Posted on: 06 Aug 2012
പാലക്കാട്: സി.പി.എം. മുണ്ടൂര്‍ ഏരിയാ കമ്മിറ്റിയില്‍നിന്ന് വി.എസ്.പക്ഷക്കാരനായ ഏരിയാ സെക്രട്ടറി പി.എ. ഗോകുല്‍ദാസിനെ തരംതാഴ്ത്തി.
ഗോകുല്‍ദാസിനെതിരെ വ്യക്തിപരമായി ഉയര്‍ന്ന ഒരു പരാതിയില്‍ പാര്‍ട്ടിനടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. ഞായറാഴ്ച സി.പി.എം. കേന്ദ്രകമ്മിറ്റി യംഗം എ.വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.ബാലന്‍ എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തില്‍നടന്ന ജില്ലാകമ്മിറ്റി യോഗത്തിലായിരുന്നു നടപടി. ഇതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതുണ്ട്.
ജില്ലയിലെ പ്രമുഖ വി.എസ്.പക്ഷ നേതാവും മുന്‍ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന ഗോകുല്‍ദാസിനെതിരെ ഇത് രണ്ടാംതവണയാണ് പാര്‍ട്ടിനടപടി വരുന്നത്.
മുന്‍ എം.പി.മാരായ എന്‍.എന്‍.കൃഷ്ണദാസ്, എസ്.അജയകുമാര്‍, അക്കാലത്ത് ഷൊറണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന എം.ആര്‍. മുരളി എന്നിവര്‍ക്കൊപ്പം വി.എസ്.പക്ഷത്ത് നിലയുറപ്പിച്ചതിന്റെ പേരിലായിരുന്നു ആദ്യ നടപടി. അന്ന് ജില്ലാകമ്മിറ്റി അംഗമായിരുന്ന ഗോകുല്‍ദാസിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നിട് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഏരിയാസമ്മേളനത്തോടനുബന്ധിച്ചാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് തുടക്കംകുറിക്കുന്നത്.
കോങ്ങാട് ലോക്കല്‍സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോകുല്‍ദാസിനെതിരെ അന്നത്തെ മുണ്ടൂര്‍ ഏരിയാസെക്രട്ടറിയായിരുന്ന വി.കെ. ജയപ്രകാശ് നല്‍കിയ പരാതിയാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് കാരണമായത്. ഗോകുല്‍ദാസിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പരാതി. സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയ പരാതി പരിശോധിക്കാന്‍ ജില്ലാകമ്മിറ്റിയോട് നിര്‍ദേശിക്കയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ.സുധാകരന്‍, ജില്ലാ കമ്മിറ്റിയംഗം ടി.ചാത്തു എന്നിവരടങ്ങുന്ന സമിതിയാണ് പരാതിയെക്കുറിച്ച് അന്വേഷിച്ചത്.
പരാതിയില്‍ പാര്‍ട്ടിഘടകത്തില്‍ അന്വേഷണം നടന്നെങ്കിലും ഗോകുല്‍ദാസിന്റെ കുടുംബാംഗങ്ങളില്‍നിന്നോ ഭാര്യയുടെ ബന്ധുക്കളില്‍നിന്നോ മൊഴിയെടുത്തിരുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അന്വേഷണസമിതിക്ക് നല്‍കിയ വിശദീകരണത്തില്‍ ഗോകുല്‍ദാസ്, തന്റെ നിരപരാധിത്വം ഊന്നി പ്പറഞ്ഞെങ്കിലും ജില്ലാനേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇക്കഴിഞ്ഞ ഏരിയാസമ്മേളനത്തില്‍ സെക്രട്ടറിസ്ഥാനത്തേക്ക് പാര്‍ട്ടി ജില്ലാഘടകം ഔദ്യോഗികമായി കൊണ്ടുവന്ന വി.കെ.പ്രകാശിനെതിരെ മത്സരിച്ചാണ് ഗോകുല്‍ദാസ് മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയായത്. പിന്നീട്, ഇരുസ്ഥാനവും ഒരുമിച്ച് വഹിക്കുന്നില്ലെന്ന വിശദീകരണവുമായി കോങ്ങാട് ലോക്കല്‍സെക്രട്ടറിസ്ഥാനവും ഒഴിഞ്ഞിരുന്നു.
ജില്ലാസമ്മേളനകാലത്തുതന്നെ ഗോകുല്‍ദാസിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാര്‍ട്ടിനേതൃത്വം അനൗദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഏരിയാസെക്രട്ടറിയായിട്ടും ഗോകുല്‍ദാസിനെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നത്.
വി.എസ്. പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈയുള്ള 15 അംഗ മുണ്ടൂര്‍ ഏരിയാകമ്മിറ്റിയില്‍ ഗോകുല്‍ദാസിന് 11 പേരുടെ പിന്തുണയുണ്ട്. ലോക്കല്‍കമ്മിറ്റിയില്‍ ഭൂരിപക്ഷവും ഗോകുല്‍ദാസിനെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഈ അച്ചടക്കനടപടി മുണ്ടൂരിലെ സി.പി.എമ്മിനുള്ളില്‍ ഏറെ പ്രത്യാഘാതമുണ്ടാക്കും.
ശനിയാഴ്ചചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്‌യോഗത്തില്‍ ഗോകുല്‍ദാസിനെതിരെ ശക്തമായനടപടി വേണമെന്ന ആവശ്യമാണുയര്‍ന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കലും മറ്റും ഏറെ ദോഷംചെയ്യുമെന്ന് കരുതിയാണ് നടപടി തരംതാഴ്ത്തല്‍മാത്രമായി ഒതുങ്ങിയതെന്ന് പറയുന്നു. ഇനി കോങ്ങാട് ലോക്കല്‍കമ്മിറ്റിയിലാവും ഗോകുല്‍ദാസിന് പ്രവര്‍ത്തിക്കേണ്ടിവരിക.
ജില്ലാകമ്മിറ്റി കൈക്കൊണ്ട അച്ചടക്കനടപടി മുണ്ടൂര്‍ ഏരിയാകമ്മിറ്റിയില്‍ വിശദീകരിച്ചശേഷം പുതിയ ഏരിയാസെക്രട്ടറിയെ അടുത്തുതന്നെ തിരഞ്ഞെടുക്കും.