ടി.പി.യെ വധിച്ചത് നേതാക്കളുടെ അറിവോടെയെന്ന് കെ.കെ.മാധവന്‍
Posted on: 06 Aug 2012
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പാര്‍ട്ടിയിലെ ഒരുപറ്റം നേതാക്കളുടെ അറിവോടെയാണെന്ന് സി.പി.എം.ബാലുശ്ശേരി ഏരിയാ കമ്മിറ്റിയംഗവും ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ പിതാവുമായ കെ.കെ.മാധവന്‍.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം പ്രകാശ് കാരാട്ടിന് താന്‍ കത്തെഴുതിയിരുന്നു. എന്നാല്‍ കൊലയാളികളെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്-മാധവന്‍ പറഞ്ഞു.
സി.പി.എം. കേന്ദ്രനേതൃത്വമെങ്കിലും സത്യം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതിയത്.എന്നാല്‍ തെറ്റുചെയ്തവരെ ന്യായീകരിക്കുന്ന നിലപാടാണ് അവരെടുത്തത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും മാധവന്‍ വ്യക്തമാക്കി.
ടി.പി. വധത്തെക്കുറിച്ച് ഇനി പാര്‍ട്ടി അന്വേഷണം നടത്തുന്നതില്‍ കാര്യമൊന്നുമില്ല. ടി.പിയുടെ വധത്തിന് ശേഷം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍.എം.പി.) സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ആര്‍.എം.പിയുടെ നേതൃത്വത്തിലേക്ക് ഇല്ലെന്നും വടകര മേഖലയിലെ ഏറ്റവും മുതിര്‍ന്ന സി.പി.എം. നേതാക്കളില്‍ ഒരാളായ കെ.കെ. മാധവന്‍ പറഞ്ഞു.
ചന്ദ്രശേഖരന്റെ മരണം സൃഷ്ടിച്ച മാനസികപിരിമുറുക്കം കാരണം ഒരുമണിക്കൂര്‍പോലും സ്വസ്ഥമായൊന്നുറങ്ങാന്‍ തനിക്കു കഴിയുന്നില്ലെന്ന് മെയ് 15ന് കാരാട്ടിനയച്ച കത്തില്‍ കെ.കെ. മാധവന്‍ പറയുന്നു. ജീവിതത്തില്‍ മറ്റെന്തിനെക്കാളും സ്‌നേഹിച്ച പാര്‍ട്ടിയെ ഉപേക്ഷിക്കേണ്ടിവരുന്നത് സങ്കല്പിക്കാന്‍പോലും കഴിയുന്നില്ലെന്നും അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അത് മരണവേദനയ്ക്കു തുല്യമാണെന്നും അദ്ദേഹം കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
''76വയസ്സായ ഞാന്‍ 1956 മുതല്‍ പാര്‍ട്ടി അംഗമാണ്. പി.വി. കുഞ്ഞിക്കണ്ണന്‍, കേളുവേട്ടന്‍, യു. കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എല്ലാ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ഇ.വി.കുമാരനൊപ്പം 45ദിവസം ജയില്‍വാസം അനുഭവിച്ചു. എല്ലാകാലത്തും സ്വന്തം താത്പര്യത്തെക്കാള്‍ പാര്‍ട്ടി താത്പര്യത്തിന് മുന്‍ഗണന നല്‍കിയാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ മക്കളെല്ലാവരും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. മൂത്തമകള്‍ പ്രേമ എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.രണ്ടാമത്തെ മകളും ചന്ദ്രശേഖരന്റെ ഭാര്യയുമായ രമ എസ്.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു. മൂന്നാമത്തെ മകള്‍ തങ്കവും പാര്‍ട്ടി അംഗമാണ്. മൂടാടി പഞ്ചായത്ത് മുന്‍പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമാണ്. മകന്‍ സുരേഷ് വിദ്യാര്‍ഥിനേതാവും യുവജനസംഘടനയുടെ പ്രവര്‍ത്തകനുമായിരുന്നു.
പാര്‍ട്ടിയുടെ മുന്‍നിരപ്രവര്‍ത്തകനായ ആദര്‍ശധീരനായ ചെറുപ്പക്കാരന്‍ എന്ന നിലയിലാണ് രമയെ ചന്ദ്രശേഖരന് വിവാഹം ചെയ്തുകൊടുത്തത്. വിഭാഗീയതയുടെ ഫലമായി വലിയതോതില്‍ ഉപദ്രവിക്കപ്പെട്ട സഖാവായിരുന്നു ചന്ദ്രശേഖരന്‍. അതാണ് ആര്‍.എം.പി.യുടെ രൂപവത്കരണത്തിലെത്തിയത്.
ചില നേതാക്കളുടെ നിക്ഷിപ്തതാത്പര്യങ്ങളാണ് ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരികെകൊണ്ടുവരുന്നതില്‍നിന്ന് അകറ്റിനിര്‍ത്തിയത്. അതിന്റെ അവസാനമാണ് ഈ കൊലപാതകം. ഉന്നതതലത്തിലുള്ള അറിവും ഗൂഢാലോചനയും ഇതിനുപിന്നില്‍ നടന്നിട്ടുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. പാര്‍ട്ടി ആകെ ഈ കൊലപാതകത്തിനുപിന്നിലുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍, സംസ്ഥാനപാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ ഇതിനുപിന്നിലുണ്ടെന്ന് ഇതുവരെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചുപറയാനാവും.
സംസ്ഥാന ഘടകത്തിലെ പലരെക്കുറിച്ചും സംശയം നിലനില്‍ക്കുന്ന സ്ഥിതിക്ക് കേരളത്തിനു പുറത്തുനിന്നുള്ള സത്യസന്ധരായ സഖാക്കളെ ചുമതലപ്പെടുത്തി പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തി സത്യം ബോധ്യപ്പെടുത്തണം.''-മാധവന്‍ കത്തില്‍ ആവശ്യപ്പെട്ടു.