
കൊല്‍ക്കത്ത: കുട്ടികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. അവര്‍ക്കു മാത്രമായി ഒരു ടെലിവിഷന്‍ ചാനല്‍. കൊണ്ടുവരുന്നത് ലോകപ്രശസ്ത ടെലിവിഷന്‍ചാനലായ ഡിസ്‌കവറി ആണ്. പേര് 'ഡിസ്‌കവറി കിഡ്‌സ്'.
യൂറോപ്പും അമേരിക്കയുമടക്കം ഏതാണ്ടെല്ലാ രാജ്യങ്ങളും കീഴടക്കിയ 'ഡിസ്‌കവറി കിഡ്‌സ്' ഇതാദ്യമായി ഇന്ത്യയിലെ കുട്ടികളുടെ മനം കവരാനെത്തുന്നു. നാലു മുതല്‍ പതിനൊന്നു വയസ്സുവരെയുള്ള കുട്ടികളെയാണ് ഈ ചാനല്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഈ ഗ്രൂപ്പില്‍പ്പെടുന്ന 370 ദശലക്ഷം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. 'പാക് മാനും', 'ഛോട്ടോ ഭീമും' പോലെ 'കിമ്മും' 'സാലിയും' ഇന്ത്യന്‍കുട്ടികളുടെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായെത്തും.
കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ഡിസ്‌കവറിയുടെ വൈസ് പ്രസിഡന്റ് രാഹുല്‍ ജോഹ്രിയാണ് ഈ വിവരം പുറത്തു വിട്ടത്. കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ കാര്യങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ നല്‍കുക എന്നതും തങ്ങളുടെ ഉദ്ദേശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.