കഴിഞ്ഞ വാരം എഴുതിയിരുന്നത് 5190 റെസിസ്റ്റന്‍സിന് മുകളില്‍ മാത്രമേ ബുള്ളുകള്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളൂവെന്നും 5060 ന് താഴെ കൂടുതല്‍ തകര്‍ച്ച പ്രതീക്ഷിക്കണം എന്നുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തന്നെ നിഫ്റ്റി 5200 നിലവാരത്തില്‍ ക്ലോസ് ചെയ്ത് നയം വ്യക്തമാക്കിയിരുന്നു. പിന്നീടു വന്ന പല നെഗറ്റീവ് ന്യൂസുകള്‍ക്കും ബുള്ളുകളുടെ വീര്യം തകര്‍ക്കാനായില്ല.

ആര്‍.ബി.ഐ. ഗവര്‍ണര്‍ പ്രതീക്ഷകളെ വീണ്ടും നിഷ്‌കരുണം കരിച്ചുകളഞ്ഞപ്പോഴും വരള്‍ച്ച സംബന്ധിച്ച ഭീതി പടര്‍ന്നുപിടിച്ചപ്പോഴും ഒക്കെ തന്നെ വിപണി പിടിച്ചുനിന്നു. ഒരു പരിധിവരെ ഇത് സാധ്യമായത് പി. ചിദംബരത്തിലുള്ള വിശ്വാസമാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. മികച്ച ഒരു ധനമന്ത്രി എന്നതല്ല അദ്ദേഹത്തെ ജനപ്രിയനാക്കുന്നത്, വിപണിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു റഫറിയെ പോലെ അദ്ദേഹം കാണിക്കുന്ന ഔത്സുക്യമാണ് അദ്ദേഹത്തെ ഓഹരിവിപണിയുടെ പ്രിയ ധനമന്ത്രിയാക്കുന്നത്. പുതിയ ധനമന്ത്രിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവട്ടെ എന്ന് നമുക്ക് ആശംസിക്കാം.
ഈ വരുന്ന രണ്ട് വാരം വിപണിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ആഗസ്ത് 15 ന് മുമ്പ് ധാരാളം പുതിയ നയപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണ് അതില്‍ പ്രധാനം. ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപ്പോയാല്‍ അതിന് കനത്തവില നിക്ഷേപകര്‍ നല്‍കേണ്ടിവരും. മറ്റൊരു പ്രധാന വസ്തുത, സാങ്കേതികമായി നിഫ്റ്റിയില്‍ 5265-5350 നിലവാരത്തില്‍ കാണപ്പെടുന്ന റെസിസ്റ്റന്‍സ് മറികടക്കണമെന്നതാണ്. ഇപ്പോഴത്തെ നിലയില്‍ 5050-5300 ഒരു ഇടത്താവളം മാത്രമാണ്, ഒരുതരം സേഫ് സോണ്‍. ഈ നിലയില്‍ നിന്നും അടുത്ത നീക്കം നടത്തിയാലും അത് പിന്നീടുള്ള ഒന്നോ രണ്ടോ മാസക്കാലം വരെ 5460 നും 4900 ത്തിനും ഇടയിലേക്ക് മാത്രമേ ഉണ്ടാകാനും സാധ്യതയുള്ളൂ. പക്ഷേ, ഒക്ടോബര്‍ മാസത്തോടെ ഒരു പുതിയ ട്രെന്‍ഡ് ഉരുത്തിരിഞ്ഞു വരാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. അത് ഇപ്പോഴത്തെ സാധ്യതകള്‍ വച്ച് മുന്നോട്ടു തന്നെയാവാനാണ് സാധ്യതയും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നതും. മികച്ച ഓഹരികളില്‍ തന്നെയാവണം ഇങ്ങനെ നിക്ഷേപം നടത്തേണ്ടത്. പൊതുവെ നിക്ഷേപകര്‍ ചെറുകിട ഓഹരികളിലേക്കാണ് ശ്രദ്ധ കൊടുക്കാറ്, ഇതുകൊണ്ടു തന്നെയാണ് കാര്യമായ നേട്ടമൊന്നും ഇവര്‍ ഉണ്ടാക്കാത്തതും. ശക്തമായ ബാലന്‍സ്ഷീറ്റും നല്ല പ്രമോട്ടറും മനസ്സിലാക്കാവുന്ന ബിസിനസ് രീതികളും ആണ് മികച്ച ഓഹരികളുടെ പ്രത്യേകത.
ഇനിവരുന്ന ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ട നിലവാരങ്ങള്‍ പരിശോധിക്കാം. താഴെ 5180 ക്ലോസിങ് ബേസിസ്സില്‍ നിലനിര്‍ത്താന്‍ കഴിയുക എന്നതാണ് ആദ്യ കടമ്പ. 5265 ന് മുകളിലേക്ക് ക്ലോസ് ചെയ്യാന്‍ സാധിക്കുകയും ചെയ്താല്‍ പിന്നെ 5350 നിലവാരമാണ് ശ്രദ്ധിക്കേണ്ടത്. ഇതിനും മുകളില്‍ 5460 ആണ് അവസാന ലക്ഷ്യം. ഇനി 5180 ന് താഴെ നിഫ്റ്റി ക്ലോസ് ചെയ്യുകയാണെങ്കില്‍ 5140 ആണ് പിന്നെ ചെറിയ ഇടത്താവളം . ഇതിന് താഴെ 5060-5020 നിലവാരങ്ങളും ആയിരിക്കും ലക്ഷ്യ സ്ഥാനങ്ങള്‍. ബെയറുകള്‍ ലക്ഷ്യമിടുന്നത് ആത്യന്തികമായി 4900 നിലവാരത്തിലേക്കുള്ള നീക്കമായിരിക്കും എന്ന് മുന്നേ പറഞ്ഞല്ലോ.
മുന്‍ ആഴ്ചകളില്‍ 215 രൂപ നിലവാരത്തില്‍ വാങ്ങാന്‍ നിര്‍ദേശിച്ചിരുന്ന വേള്‍പൂള്‍ ഓഹരിയുടെ സ്‌റ്റോപ്പ് ലോസ് പരിധി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്ന 197 നിലവാരത്തില്‍ നിന്നും ഇനി 205 നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാം. ടാര്‍ജറ്റ് 256 ല്‍ തന്നെ നിലനിര്‍ത്തുക.
ഈ ആഴ്ച നിര്‍ദേശിക്കുന്ന ഓഹരി ബ്ലൂസ്റ്റാര്‍ ആണ്. ഈ ഓഹരി ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത് 190 രൂപ നിലവാരത്തിലാണ്. 180 രൂപയില സ്റ്റോപ്പ്‌ലോസ് നല്‍കി നിക്ഷേപം പരിഗണിക്കാം. 225 രൂപയിലേക്ക് ടാര്‍ജറ്റ് നല്‍കാം.