ലണ്ടന്‍: മെഡലില്ലാ ദിനത്തില്‍ ബാഡ്മിന്റണ്‍ താരം പി.കശ്യപും ബോക്‌സര്‍ എല്‍.ദേവേന്ദ്രൊ സിങുമാണ് ലണ്ടനില്‍ ഇന്ത്യയുടെ മാനം കാത്തത്.ആക്രമണാത്മക ഗെയിമിലൂടെ ജയം പിടിച്ചാണ് ഇരുവരും ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്നത്.
ലോക പത്താം നമ്പര്‍ വിയറ്റ്‌നാമിന്റെ ടിയേന്‍ മിന്‍ നഗൂയനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി കശ്യപ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു(21-9,21-14).ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ കളിച്ച വിയറ്റ്‌നാം താരത്തിനെതിരെ ലോക റാങ്കിങ്ങില്‍ 21-ാമനായ കശ്യപ് വിജയിച്ച വിധമാണ് ശ്രദ്ധേയമായത്.തുടക്കത്തിലേ കടുത്ത ആക്രമണം അഴിച്ചുവിട്ട കശ്യപ് വെറും 35 മിനിറ്റില്‍ വിജയം പൂര്‍ത്തിയാക്കി. ശ്രീലങ്കയുടെ നികുല കരുണരത്‌നയാണ് കശ്യപിന്റെ അടുത്ത എതിരാളി.മിക്‌സഡ് ഡബിള്‍സില്‍ മലയാളിതാരം ഡി.ദിജുവും ജ്വാലാ ഗുട്ടെയും ചേര്‍ന്ന സഖ്യം മൂന്നാം മത്സരത്തിലും തോറ്റ് പുറത്തായി.
മണിപ്പൂരില്‍ നിന്നുള്ള 19-കാരനായ ദേവേന്ദ്രൊ ബോക്‌സിങ്ങിലെ 49 കിലോ വിഭാഗത്തില്‍ ഹോണ്ടുറാസ് എതിരാളി ബെയ്‌റണ്‍ മൊലീനൊ ഫിഗുവേരയെ നിലം പരിശാക്കി.ആദ്യ വട്ടം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ രണ്ട് തവണ ദേവേന്ദ്രൊ എതിരാളിയെ ഇടിച്ചിട്ടു.തുടര്‍ന്ന് റഫറി മത്സരം അവസാനിപ്പിച്ചു.
ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങും ജയ് ഭഗവാനും നേരത്തെ രണ്ടാം വട്ടത്തില്‍ കടന്നിരുന്നു.