ശബരിമല മുന്നൊരുക്കം സമയബന്ധിതമായി

Posted on: 01 Aug 2012



തിരുവനന്തപുരം: ശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായും കാലേകൂട്ടിയും പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ചീഫ് കമ്മീഷണര്‍കൂടിയായ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. അടുത്ത ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് ചെയ്തുതീര്‍ക്കേണ്ട ഒരുക്കങ്ങളെക്കുറിച്ച് നടത്തിയ ആദ്യ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അരവണ, അപ്പം എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് മുന്‍ഗണന നല്‍കും. ശര്‍ക്കരയുടെ നിലവാരം ഉയര്‍ത്താന്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് വാങ്ങും. അതിനായി ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള നിര്‍മ്മാതാക്കളില്‍ നിന്നും ശര്‍ക്കര നേരിട്ട് പമ്പയില്‍ എത്തിക്കാനുള്ള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും.

ശബരിമല പ്രസാദങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, അപ്പം നിര്‍മ്മാണം യന്ത്രവത്ക്കരിക്കുക, വായുകയറാതെ വാക്വം പായ്ക്ക് ചെയ്യുക, ശബരിമലയിലേയും പമ്പയിലേയും ലാബുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക എന്നീ കാര്യങ്ങള്‍ സംബന്ധിച്ച് ഫുഡ് സേഫ്റ്റി കമ്മീഷണറുമായി ചര്‍ച്ച നടത്തും. ശബരിമലയില്‍ ശുചിത്വത്തിന് മുന്‍ഗണന നല്‍കുവാനും യോഗം തീരുമാനിച്ചു. അതനുസരിച്ച് തീര്‍ത്ഥാടനം തുടങ്ങുന്നതിന് ഒരു മാസം മുന്‍പേ ശുചീകരണ പരിപാടികള്‍ ആരംഭിക്കുവാനും ധാരണയായി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/