ഡ്രൈവറായെത്തി വാഹനമോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: 01 Aug 2012




തൃശ്ശൂര്‍: പത്രപ്പരസ്യം കണ്ട് വീടുകളില്‍ ഡ്രൈവറായെത്തി വാഹനം മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് മോഷ്ടിച്ച ഒരു ഇന്നോവ കാറും പിടിച്ചെടുത്തു. ബസുള്‍പ്പെടെ അനേകം വാഹനങ്ങള്‍ മോഷ്ടിച്ച കേസ് മുഖ്യപ്രതിക്കെതിരെയുണ്ട്.

പാലാരിവട്ടം പുലിക്കോട്ടില്‍ സുനില്‍ (മൗഗഌ സുനില്‍-34), ഊരകം ജലാല്‍ മന്‍സിലില്‍ ലത്തീഫ് (25), വരന്തരപ്പിള്ളി പൂക്കോട് പാലക്കുന്ന് പാലപ്പറമ്പില്‍ സനോജ് (24) എന്നിവരെയാണ് വെസ്റ്റ്‌സി.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം ഹൈക്കോടതിക്കടുത്ത് ഫ്ലറ്റില്‍ താമസിക്കുന്ന ഫാക്ട് ഉദ്യോഗസ്ഥനായ പുത്തുക്കാട്ട് വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ ഇന്നോവ കാര്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഡ്രൈവറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യപ്രതിയായ സുനില്‍ അബ്ദുള്‍ഖാദറിനെ സമീപിച്ചത്. മികച്ചപെരുമാറ്റംകൊണ്ട് ആകര്‍ഷിച്ച് ജോലി സമ്പാദിച്ചു. അടുത്തദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ മകനെ സ്വീകരിക്കാന്‍ ഇന്നോവ കാറുമായി ഡ്രൈവറോടൊപ്പം ഖാദര്‍ പോയി. ഉടമ എയര്‍പോര്‍ട്ടിനുള്ളില്‍ കടന്നപ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് വാഹനവുമായി സുനില്‍ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കൊപ്പം കാറുമായി വില്പനയ്ക്ക് തൃശ്ശൂരിലെത്തിയപ്പോളാണ് പോലീസിന്റെ പിടിയില്‍പ്പെട്ടത്. നേരത്തെ മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായപ്പോള്‍ പരിചയപ്പെട്ടവരാണ് മറ്റ് പ്രതികള്‍.

ഈ രീതിയില്‍ സുനില്‍ വേറെയും മോഷണം നടത്തിയിട്ടുണ്ട്. ജൂലായ് രണ്ടിന് കുറവിലങ്ങാട് കണിയാരത്ത് ജോസഫിന്റെ സ്‌കോഡ കാര്‍ മോഷ്ടിച്ച്‌കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ കേസില്‍ ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. 2004ലാണ് പ്രതിക്കെതിരെ ആദ്യത്തെ കേസ് എടുക്കുന്നത്. പാലാരിവട്ടത്തുനിന്ന് ഒരു പരിചയക്കാരന്റെ ബൈക്ക് മോഷ്ടിച്ച് പോകുമ്പോള്‍ ചങ്ങനാശേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ഈ കേസില്‍ രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടു. 2006ല്‍ എറണാകുളത്ത് ഒരു ബസില്‍ കണ്ടക്ടറായിരിക്കെ ആ ബസ് പൊളിച്ചുവിറ്റ കേസില്‍ ശിക്ഷിക്കപ്പെട്ടു. എറണാകുളത്ത് റെന്റ് എ കാര്‍ വ്യവസ്ഥയില്‍ ഒരു ഡോക്ടര്‍ക്കുവേണ്ടി എടുത്ത കാര്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. എറണാകുളം ഹില്‍പാലസ് സ്റ്റേഷനിലും കാര്‍ മോഷണക്കേസുണ്ട്. തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആസ്​പത്രിയിലെ ഒരു ഡോക്ടറുടെ 23000 രൂപ മോഷ്ടിച്ച കേസ്, ചാലക്കുടിയില്‍ ഒരു ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കാര്‍ മോഷ്ടിച്ച കേസ് എന്നിവയിലും സുനില്‍ പ്രതിസ്ഥാനത്തുണ്ട്. സനോജും ലത്തീഫും നേരത്തെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് എസ്.ഐ. ബെന്നി ജേക്കബ്, ഷാഡോ പോലീസ് അംഗങ്ങളായ ഫിലിപ്പ് വര്‍ഗീസ്, എം.പി. ഡേവിസ്, വിജയന്‍, മുഹമ്മദ് റാഫി, അന്‍സാര്‍, സുവ്രതകുമാര്‍, കൃഷ്ണകുമാര്‍, പി.എം. റാഫി, ഗോപാലകൃഷ്ണന്‍, പഴനിസ്വാമി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു




Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/