തടവുകാര്‍ സമൂഹം സ്വീകരിക്കുന്നവരായി പുറത്തുവരണം - തിരുവഞ്ചൂര്‍
Posted on: 01 Aug 2012
കൊല്ലം: തടവുകാര്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തു പോകുമ്പോള്‍ സമൂഹം തിരസ്‌കരിക്കാത്തവരായി മാറിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൊല്ലം ജില്ലാ ജയിലില്‍ സ്ഥാപിച്ച ക്ലോസ്ഡ്‌സര്‍ക്യൂട്ട് ടി.വി സംവിധാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങള്‍ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ചെയ്തുപോകുന്നവയാണ്. അതിന് ശിക്ഷയല്ല, മനഃപരിവര്‍ത്തനമാണ് വേണ്ടതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, കളക്ടര്‍ പി.ജി.തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റ, ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്.ഗോപകുമാര്‍, ജയില്‍ വകുപ്പ് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ.കുമാരന്‍, പ്രോഗ്രാം ഓഫീസര്‍ കെ.ജയശ്രീ, പി.ഡബ്ല്യു.ഡി. എക്‌സി. എന്‍ജിനിയര്‍ എം.ലീല, തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ഗോപിനാഥന്‍, കെ.ജെ.ഇ.ഒ.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.ചന്ദ്രബാബു, കെ.ജെ.എസ്.ഒ.എ. സംസ്ഥാന പ്രസിഡന്റ് എം.മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. ജയില്‍ എ.ഡി.ജ.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് സ്വാഗതവും ജില്ലാ ജയില്‍ സൂപ്രണ്ട് എം.കെ.വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് സി.സി.ടി.വി. സംവിധാനം ജയിലില്‍ സ്ഥാപിച്ചത്.
കെല്‍ട്രോണ്‍ സെക്യൂരിറ്റീസ് ആന്‍ഡ് സര്‍വയിലന്‍സ് ജനറല്‍ മാനേജര്‍ ബീനാ മാത്യു സി.സി.ടി.വി.യുടെ പ്രവര്‍ത്തനം വിശദീകരിച്ചു. തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റ്, ശ്രീപദ്മനാഭസ്വാമിക്ഷേത്രം, പൂജപ്പുര സെന്‍ട്രല്‍ ജയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, ശബരിമല ക്ഷേത്രം എന്നിവിടങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കൊല്ലം ജയിലിലും സ്ഥാപിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 33 ഡിജിറ്റല്‍ ക്യാമറകളാണ് ജയിലിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിന് സമീപം അത്യാധുനിക കണ്‍ട്രോള്‍ റൂം ഉണ്ട്. ഒരേസമയം രണ്ട് ഓഫീസര്‍മാര്‍ക്ക് നിയന്ത്രിക്കാനുള്ള കമ്പ്യൂട്ടര്‍ കണ്‍സോളുകളും 32 ഇഞ്ച് എല്‍.സി.ഡി. പാനലുകളുമുണ്ട്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് സി.സി.ടി.വി സംവിധാനം സ്ഥാപിച്ചത്.