ചിദംബരത്തിന് ധനകാര്യം; ആഭ്യന്തരം ഷിന്‍ഡേക്ക്

Posted on: 01 Aug 2012



ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. ആഭ്യന്തരമന്ത്രി പി. ചിദംബരമായിരിക്കും പുതിയ ധനമന്ത്രി. ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ആഭ്യന്തരമന്ത്രിയാകും. കമ്പനികാര്യമന്ത്രി വീരപ്പ മൊയ്‌ലിക്ക് ഊര്‍ജവകുപ്പിന്റെ അധികച്ചുമതല ലഭിക്കും . മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

രാഷ്ട്രപതിസ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ ധനവകുപ്പിന്റെ ചുമതല പ്രണബ്മുഖര്‍ജി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് വകുപ്പ് പ്രധാനമന്ത്രിതന്നെ കൈകാര്യം ചെയ്തുവരികയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആഗസ്ത് എട്ടിന് തുടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കേണ്ടിവരുന്നത് ജോലിഭാരം വര്‍ധിപ്പിക്കുമെന്നതിനാലാണ് സമ്മേളനത്തിന് മുമ്പുതന്നെ ധനവകുപ്പിന്റെ ചുമതല ഒഴിയാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതെന്നാണ് സൂചന. ഇപ്പോഴത്തേത് മന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റംമാത്രമാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുശേഷം സപ്തംബറില്‍ കേന്ദ്രമന്ത്രിസഭയില്‍ വലിയ പുനഃസംഘടന ഉണ്ടായേക്കും. അതിനൊപ്പം എ.ഐ.സി.സിയിലും പുനഃസംഘടന ഉണ്ടാകും.

ഉത്തരേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വൈദ്യുതി വിതരണം വന്‍തോതില്‍ തടസ്സപ്പെട്ട ചൊവ്വാഴ്ചതന്നെയാണ് മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഊര്‍ജവകുപ്പില്‍നിന്ന് ആഭ്യന്തരവകുപ്പിലേക്ക് മാറിയത്

സുശീല്‍കുമാര്‍ഷിന്‍ഡേയെ ലോക്‌സഭയിലെ പുതിയ സഭാനേതാവാക്കുമെന്നാണ് സൂചന. പ്രണബ് മുഖര്‍ജിയാണ് നേരത്തേ ഈ പദവി വഹിച്ചത്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ നേതാവാക്കണമെന്ന് കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തമാണ്. എങ്കിലും ഷിന്‍ഡേയുടെ പരിചയസമ്പത്ത് കണക്കിലെടുത്ത് അദ്ദേഹത്തെ സഭാനേതാവാക്കാനാണ് സാധ്യത. സംഘടനാച്ചുമതലയുള്ള സെക്രട്ടറിജനറല്‍ എന്ന പദവിയോ, ഉപാധ്യക്ഷ പദവിയോ ആയിരിക്കും രാഹുല്‍ ഏറ്റെടുത്തേക്കുക എന്നാണറിയുന്നത്. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക രാഹുലായിരിക്കും. അതിന് അനുസൃതമായ ചുമതലകളായിരിക്കും അദ്ദേഹം താമസിയാതെ ഏറ്റെടുക്കുക- ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒന്നാം യു.പി.എ. സര്‍ക്കാറില്‍ 2008 വരെ ധനമന്ത്രിയായിരുന്നു പി. ചിദംബരം. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2008 നവംബറിലാണ് ചിദംബരം ആഭ്യന്തരവകുപ്പ് ഏറ്റെടുത്തത്. വിവാദമായ 2 ജി ഇടപാട് നടക്കുന്ന കാലത്ത് ചിദംബരമായിരുന്നു ധനമന്ത്രി. അന്ന് ടെലികോംമന്ത്രിയായിരുന്ന എ.രാജയുടെ വിവാദ തീരുമാനങ്ങളില്‍ ധനവകുപ്പ് സ്വീകരിച്ച നിലപാടുകളുടെ പേരില്‍ പ്രതിപക്ഷം ചിദംബരത്തിന് എതിരേയും ആരോപണം ഉയര്‍ത്തിയിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/