
അലെപ്പോ: വിമതരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന സിറിയയില്‍ അധികാരക്കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ യു.എസ്സും തുര്‍ക്കിയും തീരുമാനിച്ചു. അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളെ സഹായിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. സിറിയയിലെ സാമ്പത്തിക കേന്ദ്രമായ അലെപ്പോയില്‍ വ്യോമാക്രമണം ശക്തമായി തുടരുകയാണ്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും തുര്‍ക്കി പ്രധാനമന്ത്രി റിസെപ് തയ്യിപ് എര്‍ദോഗനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ തീരുമാനിച്ചത്. റഷ്യയും ചൈനയും എതിര്‍പ്പു പ്രകടിപ്പിച്ചതോടെ സിറിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് യു.എസ്സും തുര്‍ക്കിയും മുന്നോട്ടുവന്നത്.
വിമത നിയന്ത്രണത്തില്‍ നിന്നും സൈന്യം തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെട്ട സലാഹെദ്ദീനുള്‍പ്പെടെ രണ്ടിടങ്ങളിലാണ് കനത്ത വ്യോമാക്രമണം നടന്നത്. വിമതര്‍ക്ക് വന്‍നാശം സംഭവിച്ചുവെന്ന് സൈന്യം അവകാശപ്പെട്ടെങ്കിലും നഗരത്തിന്റെ സിരാകേന്ദ്രം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുകയാണെന്നാണ് വിമത നേതാവ് പറഞ്ഞത്. തിങ്കളാഴ്ച മാത്രം ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ടാങ്കുകളും വ്യോമാക്രമണവും യുദ്ധാന്തരീക്ഷം സൃഷ്ടിച്ച അലെപ്പോയില്‍ നിന്നും കുടിയൊഴിഞ്ഞുപോകല്‍ തുടരുകയാണ്.
വിമതര്‍ക്ക് സ്വാധീനമുള്ള സലാ അല്‍ ദിന്‍ തിരിച്ചു പിടിച്ചതായി ദേശീയ ടെലിവിഷന്‍ അവകാശപ്പെട്ടു. തെക്കന്‍ മേഖലയില്‍ നിന്നും സൈന്യത്തിന് എത്തിച്ചേരാനുള്ള തന്ത്രപ്രധാന മേഖലയാണിത്. പടിഞ്ഞാറന്‍ അലെപ്പോയിലെ വ്യോമസേനാ കേന്ദ്രത്തിനു സമീപം ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ഒരു കാലത്ത് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ അടുത്ത സുഹൃത്തായിരുന്ന തുര്‍ക്കി പിന്നീട് വിരുദ്ധ ചേരിയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. സിറിയന്‍ പ്രശ്‌നം രൂക്ഷമായതോടെ തുര്‍ക്കിയിലേക്കുള്ള അഭയാര്‍ഥിപ്രവാഹം വര്‍ധിച്ചു. അതിര്‍ത്തിയില്‍ തുര്‍ക്കി സുരക്ഷ ശക്തമാക്കിയതോടെ സിറിയയില്‍ സൈനികമായി ഇടപെടരുതെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.
സിറിയയിലുള്ള അന്താരാഷ്ട്ര സൈന്യത്തിന്റെ എണ്ണം വളരെ കുറവാണ്. യു.എന്‍. നിരീക്ഷക സംഘത്തിനും സായുധ പരിരക്ഷയില്ല. യു.എന്‍. വാഹനവ്യൂഹത്തിനു നേരേ ഞായറാഴ്ച ആക്രമണമുണ്ടായതായി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കിയിരുന്നു.