അമേരിക്കയില്‍ അറസ്റ്റിലായ ഐ.എഫ്.എസ്സുകാരന് ജാമ്യം
Posted on: 01 Aug 2012
ന്യൂയോര്‍ക്ക്: താമസിച്ചിരുന്ന ഹോട്ടലിലെ വനിതാ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്ന കേസില്‍ അമേരിക്കയില്‍ കസ്റ്റഡിയിലായ മുതിര്‍ന്ന ഇന്ത്യന്‍ ഐ.എഫ്.എസ്. ഓഫീസര്‍ സുരേന്ദ്ര പ്രസാദ് മഹാപത്രയെ ജാമ്യത്തില്‍ വിട്ടു.
വെള്ളിയാഴ്ച ജാമ്യം ലഭിച്ച മഹാപത്ര ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സിലിലെത്തി. വിചാരണാ നടപടികളുടെ ഭാഗമായി മഹാപത്രയ്ക്ക് ബുധനാഴ്ച പെന്‍സില്‍വാനിയ കോടതിയില്‍ ഹാജരാകണം.
ജൂലായ് 24-നാണ് പെന്‍സില്‍വാനിയയിലെ മാതാമോറാസ് നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് മഹാപത്രയെ അറസ്റ്റ്‌ചെയ്തത്. എന്നാല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംഭവത്തെക്കുറിച്ച് യു.എസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.
നയതന്ത്ര പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ മഹാപത്രയ്ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാലും ഇദ്ദേഹത്തിന് നിയമസഹായവും കേസ് തീരുംവരെ താമസസൗകര്യവും ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി. 1985 ബാച്ചിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് മഹാപത്ര. മഹാപത്രയുള്‍പ്പെടെ 30 ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശീലന കോഴ്‌സിനായി യു.എസ്സിലെത്തിയത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam