ഐ.എസ്.ഐ.യുടെ തീവ്രവാദിബന്ധത്തില്‍ അമേരിക്കയ്ക്ക് ആശങ്ക

Posted on: 01 Aug 2012



ന്യൂയോര്‍ക്ക്:പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഹഖാനി ഭീകരശൃംഖലയും ഐ.എസ്.ഐ.യും തമ്മിലുള്ള ബന്ധം തടസ്സമാകുന്നതായി അമേരിക്ക കരുതുന്നു. ഒബാമാഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐ.യും ഹഖാനിയും തമ്മിലുള്ള ബന്ധം അപകടകരമാണെന്ന പരാമര്‍ശമുള്ളത്.

ഐ.എസ്.ഐ.യും ഹഖാനിയും തമ്മില്‍ കേട്ടുകേള്‍വിയെക്കാള്‍ ശക്തമായ ബന്ധമാണുള്ളതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍ യഥേഷ്ടം സഞ്ചരിച്ച് ധനസമാഹരണം നടത്താനും ഹഖാനി ശൃംഖലയിലെ നേതാക്കള്‍ക്ക് ഐ.എസ്.ഐ. സൗകര്യമൊരുക്കുന്നുണ്ട്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഹഖാനി ശൃംഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വന്തമായി വീടുകളുണ്ടെന്നും അവരുടെ ബന്ധുക്കള്‍ പീഡനമേല്‍ക്കാതെ ജീവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്താനില്‍നിന്നുള്ള സേനാപിന്‍മാറ്റം തീരുമാനിച്ചശേഷം ജൂണ്‍ ഒന്നിനാണ് അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലുള്ള സലേര്‍നോ ക്യാമ്പില്‍ ഹഖാനി തീവ്രവാദികള്‍ ആക്രമണംനടത്തിയത്. പാകിസ്താനുമായി വഷളായി തുടരുന്ന ബന്ധം ഇതോടെ കൂടുതല്‍ മോശമായെന്നും ഒബാമാസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയ്ക്ക് നാശംവിതയ്ക്കാനും രാഷ്ട്രീയസംഘര്‍ഷം വളര്‍ത്താനും ഉദ്ദേശിച്ച് അവര്‍ നടത്തുന്ന ആക്രമണങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/