പോലീസ് നീക്കം പ്രതിരോധിക്കാന്‍ സി.പി.എം ഫോണ്‍ ചോര്‍ത്തല്‍ ആയുധമാക്കുന്നു

Posted on: 01 Aug 2012



കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് കടന്നതോടെ സി.പി.എം. പ്രതിരോധത്തിന്റെ മുഖംമാറ്റുന്നു. സി.പി.എം. ജില്ലാസെക്രട്ടറി പി.ജയരാജനും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷും കേസില്‍ പ്രതിയായേക്കും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകുകയാണെങ്കില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഇതിനെ പ്രതിരോധിക്കാനാണ് ഫോണ്‍ചോര്‍ത്തല്‍ വിവാദം സി.പി.എം. ആയുധമാക്കുന്നത്.

ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലാണ് ഫോണ്‍ചോര്‍ത്തല്‍ വിവാദം സി.പി.എം. ഉയര്‍ത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തെ പ്രതിരോധിക്കാനാണ് സി.പി.എം. നേതാക്കളുടെയും എം.എല്‍.എ.മാരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എളമരം കരീം എം.എല്‍.എ. നിയമസഭയില്‍ പറഞ്ഞത്. ഒരു എം.എല്‍.എ.യുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സി.പി.എം. നീക്കം. പക്ഷേ, അത് വീണുകിട്ടിയ ആയുധമായത് ഷുക്കൂര്‍ വധക്കേസിലാണെന്ന് മാത്രം.

ടി.വി.രാജേഷിനെ ചോദ്യംചെയ്യുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഫോണ്‍സംഭാഷണം അന്വേഷണസംഘം കേള്‍പ്പിച്ചിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായവരെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അവരെ അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോഴായിരുന്നു ഇത്. ഇതോടെ രാജേഷിനുമേല്‍ കുരുക്ക് വീണു. ഷുക്കൂര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സംഭവത്തില്‍ പങ്കാളിത്തമുണ്ടെന്ന് കരുതുന്നവരെ ടി.വി.രാജേഷ് വിളിച്ചതിന്റെ രേഖയും പോലീസ് കാണിച്ചു. ഇവരെ അറിയില്ലെന്ന രാജേഷിന്റെ വാദം ഖണ്ഡിക്കാനായിരുന്നു ഈ ഫോണ്‍വിവരം അന്വേഷണ സംഘം കാണിച്ചത്. ഇതോടെ പി.ജയരാജന്‍ നിഷേധിച്ച പല കാര്യങ്ങളും രാജേഷ് സമ്മതിച്ചതായാണ് വിവരം.

ചോദ്യം ചെയ്യല്‍ കഴിഞ്ഞ ഉടനെയാണ് ഫോണ്‍ചോര്‍ത്തല്‍ ആയുധമാക്കാനുള്ള നീക്കം സി.പി.എം. തുടങ്ങിയത്. കണ്ണപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി.വി.ലക്ഷ്മണനുമായുള്ള തന്റെ ഫോണ്‍സംഭാഷണം ടേപ്പ് ചെയ്തുവെന്ന് കാണിച്ച് ടി.വി.രാജേഷ് സ്​പീക്കര്‍ക്ക് പരാതി നല്‍കി. നിയമസഭാംഗം എന്ന നിലയില്‍ തന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് പരാതിയിലെ ഉള്ളടക്കം. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സി.പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. പി.ജയരാജനും തന്റെ ഫോണ്‍ചോര്‍ത്തുന്നതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പോലീസിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാനുള്ള വിഷയമായി ഇതിനെ മാറ്റാണ് സി.പി.എം നീക്കം. അതുകൊണ്ടുതന്നെ ഫോണ്‍ചോര്‍ത്തല്‍ വിവാദം ശക്തമാക്കാനാണ് സി.പി.എം തീരുമാനം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/