തൊഴില്‍ അന്വേഷകര്‍ക്കായി സര്‍ക്കാര്‍ പോര്‍ട്ടല്‍ തയാറായി

Posted on: 29 Jul 2012


ടി.ജി. ബേബിക്കുട്ടിറിക്രൂട്ട്‌മെന്റ് സ്വകാര്യസ്ഥാപനങ്ങളിലേക്ക്

തിരുവനന്തപുരം: തൊഴില്‍ അന്വേഷകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടല്‍ തയാറായി. തൊഴില്‍ വകുപ്പിനായി ഒഡെപെക് സജ്ജമാക്കിയ പോര്‍ട്ടലില്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാമെന്നതാണ് പ്രത്യേകത. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍ക്കാര്‍ റിക്രൂട്ടിങ് ഏജന്‍സിയായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒ.ഡി.ഇ.പി.സി.) ഇതോടെ ആഭ്യന്തര റിക്രൂട്ടിങ് രംഗത്തേക്കും കടക്കുകയാണ്. നിലവില്‍ സ്വകാര്യ മേഖലയില്‍ മാത്രമാണ് ഇത്തരം ജോബ് പോര്‍ട്ടലുകളുള്ളത്.

പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ വിദേശ തൊഴില്‍ അന്വേഷകരുടെ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ ആക്കാനാണ് ഒഡെപെക് ആലോചിക്കുന്നത്. ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ക്കായി സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് പോര്‍ട്ടലിന് തുടക്കം കുറിക്കുന്നത്. ഇതോടൊപ്പം ഇതര മേഖലകളിലെ തൊഴില്‍ദാതാക്കളായ പ്രമുഖ സ്വകാര്യ കമ്പനികളുമായും ധാരണയുണ്ടാക്കും. ഇതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതായി ഒഡെപെക് മാനേജിങ് ഡയറക്ടര്‍ ജി.എല്‍.മുരളീധരന്‍ പറഞ്ഞു. ആവശ്യമായ ജീവനക്കാര്‍ക്കായി കമ്പനികള്‍ക്ക് ഒഡെപെകിനെ സമീപിക്കാം. കമ്പനികളുടെ വിശ്വാസ്യത നോക്കിയാവും അവരുമായി ധാരണയുണ്ടാക്കുക.

ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യോഗ്യതയും മറ്റുവിവരങ്ങളും നല്‍കി www.odepc.kerala.gov.in എന്ന നിര്‍ദിഷ്ട പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. യൂസര്‍ ഐ.ഡി. ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡാറ്റ അപ്‌ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേക്ക് വേണമെങ്കില്‍ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. ബയോഡാറ്റ വിശകലനം ചെയ്ത് യോജ്യമായ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. ഇതിനായി പ്രത്യേക മെയില്‍ അലര്‍ട്ട് സൗകര്യവും പോര്‍ട്ടലില്‍ ഉണ്ട്. ആവശ്യമെങ്കില്‍ റിക്രൂട്ട്‌മെന്റിന് കമ്പനികള്‍ക്ക് മറ്റു സഹായങ്ങളും ഒഡെപെക് ചെയ്തു നല്‍കും.

ഭാവിയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ വിവരവും ഈ പോര്‍ട്ടലിലേക്ക് ഒഡെപെക് ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ ആവശ്യമായ ലിങ്കുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. 100 രൂപയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. വിദേശ തൊഴിലവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങി പ്രൊഫഷണലുകള്‍ക്ക് 600 രൂപയും നഴ്‌സ്, ക്ലാര്‍ക്ക് തുടങ്ങി വിദഗ്ധതൊഴിലാളികള്‍ക്ക് 250 രൂപയും ക്ലീനര്‍, ലേബര്‍ തുടങ്ങി അവിദഗ്ധ തൊഴിലാളികള്‍ക്ക് 70 രൂപയുമാണ് ഫീസ്. ഒഡെപെകിനു വേണ്ടി കെല്‍ട്രോണ്‍ രൂപകല്പന ചെയ്ത പോര്‍ട്ടല്‍ ആഗസ്ത് എട്ടിന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/