ധീരതയുടെ സ്ത്രീരൂപം

Posted on: 24 Jul 2012



ചെറുത്തുനില്പിന്റെ മറ്റൊരു പേരായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. സ്വാതന്ത്ര്യസമരത്തിന്റെ തീപിടിച്ച ദിനങ്ങളില്‍ മാത്രമല്ല സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളിലും അവര്‍ മര്‍ദിതജനങ്ങള്‍ക്കൊപ്പം തോള്‍ചേര്‍ന്നുനിന്നു. കേരളം ഇന്ത്യയ്ക്കു നല്‍കിയ മഹിളാരത്‌നങ്ങളിലൊരാളായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതം ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളിലൊന്നാണ്. അപൂര്‍വം മാതൃകകളേയുള്ളൂ അതിനു സമാനമായി. ഇരുപതാം നൂറ്റാണ്ടിന്റെ ഝാന്‍സിറാണിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും പറ്റി അത്ഭുതാദരങ്ങളോടെയും അഭിമാനത്തോടെയും മാത്രമേ ഓര്‍ക്കാനാവൂ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തോക്കെടുത്ത് പട നയിക്കുകയും സ്വാതന്ത്ര്യാനന്തരമുണ്ടായ സാമുദായിക പ്രശ്‌നങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് അഭയഹസ്തമാവുകയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദീപശിഖയാവുകയും ചെയ്ത് അവര്‍ സ്വജീവിതത്തെ നിരന്തരം കര്‍മോന്മുഖവും സാര്‍ഥകവും മനുഷ്യസമര്‍പ്പിതവുമാക്കി. ''എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍ അങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാണ്, എങ്ങോ മര്‍ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു'' എന്നു വിശ്വസിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ക്യാപ്റ്റന്‍ ലക്ഷ്മിയെ ആര്‍ക്കും പ്രണമിച്ചുകൊണ്ടല്ലാതെ സ്മരിക്കുക സാധ്യമല്ല.

ബ്രിട്ടീഷ് കൊളോണിയല്‍ അടിമത്തത്തിനും ചൂഷണത്തിനുമെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ആത്മകഥയായി വായിക്കാം ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ലക്ഷ്മി സെഹ്ഗാളിന്റെ ജീവിതത്തെ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഹ്രസ്വമെങ്കിലും അതിധീരമായ അധ്യായമായ ഐ.എന്‍.എ. മുന്നേറ്റത്തില്‍ നേതാജി സുഭാഷ്ചന്ദ്ര ബോസിനോടൊപ്പം ഝാന്‍സിറാണി റെജിമെന്റിന്റെ സേനാധിപയായി പൊരുതിയ ക്യാപ്റ്റന്‍ ലക്ഷ്മി തൊഴില്‍കൊണ്ട് ഭിഷഗ്വരയായിരുന്നു. പില്‍ക്കാലത്ത് ബംഗ്ലാദേശില്‍നിന്നെത്തിയ അഭയാര്‍ഥികള്‍ക്കിടയിലും 1984-ലെ സിഖ് വംശഹത്യയുടെ കാലത്ത് പീഡിതരായ സിഖുകാര്‍ക്കിടയിലും പ്രവര്‍ത്തിച്ച അവര്‍ ജീവിതസായന്തനത്തില്‍ ആരോഗ്യം അനുവദിച്ച നാള്‍വരെ സ്വന്തം ആസ്​പത്രിയില്‍ ആതുരരെ ശുശ്രൂഷിച്ചു. പോരാട്ടങ്ങളുടെ സന്താനമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി എന്നു വിശേഷിപ്പിച്ചാല്‍ അതിശയോക്തിയില്ല. ഒന്നാം ലോകമഹായുദ്ധകാലത്ത് ജനിച്ച അവര്‍ രണ്ടാംലോകമഹായുദ്ധ കാലത്ത് മാതൃഭൂമിയുടെ വിമോചനത്തിനായി യുദ്ധഭൂമിയിലെത്തി. അവരുടെ ജീവിതത്തിന്റെ ഓരോഘട്ടവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമരമുഖങ്ങളായിരുന്നു.

മഹിതമായ പാരമ്പര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട പാലക്കാട്ടെ ആനക്കര വടക്കത്ത് കുടുംബത്തിലെ സ്വാതന്ത്ര്യ സമരസേനാനിയായ എ.വി.അമ്മുക്കുട്ടി(അമ്മുസ്വാമിനാഥന്‍)യുടെയും മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്തനായ അഭിഭാഷകന്‍ ഡോ.എസ്.സ്വാമിനാഥന്റെയും മകളായി ജനിച്ച ലക്ഷ്മി വൈദ്യശാസ്ത്രത്തില്‍ ബിരുദവും സ്ത്രീരോഗ ചികിത്സയില്‍ ഉപരിബിരുദവും നേടിയാണ് പൊതുരംഗത്തേക്കു വന്നത്. സിങ്കപ്പൂരിലെത്തി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ട ദിനങ്ങളില്‍ പാവപ്പെട്ട ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി ആസ്​പത്രി തുറന്ന ലക്ഷ്മിസ്വാമിനാഥന്‍ പിന്നീട് അവിടെയെത്തിയ നേതാജിയുടെ ഇന്ത്യാവിമോചന സ്വപ്നത്തില്‍ പങ്കാളിയായി. നേതാജിയുടെ ആഹ്വാനം ശ്രവിച്ച് ഐ.എന്‍.എ.യുടെ ഝാന്‍സിറാണി റെജിമെന്റ് എന്ന പെണ്‍പടയില്‍ ചേര്‍ന്ന ലക്ഷ്മി കേണല്‍ പദവി നേടിയെങ്കിലും ജനമനസ്സില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായാണ് ചിരപ്രതിഷ്ഠിതയായത്. 1943-ല്‍ നേതാജി സ്വതന്ത്രഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ആ താത്കാലിക പ്രവാസഭരണ കൂടത്തിലെ ഏക വനിതയായിരുന്നു അവര്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ഐ.എന്‍.എ.യുടെ സഖ്യകക്ഷിയായിരുന്ന ജപ്പാന്‍ കീഴടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നേതാജിയെ അറിയിച്ച രണ്ടുപേരിലൊരാള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. സിംഗപ്പൂരില്‍ നിന്ന് മണിക്കൂറുകള്‍ നിര്‍ത്താതെ കാറോടിച്ച് മലയായിലെ സെരംബനിലെത്തിയാണ് അവര്‍ ആ വാര്‍ത്ത കൈമാറിയത്.

ഭാരതീയ സ്ത്രീത്വത്തിന്റെ ഉജ്ജ്വലപ്രതീകങ്ങളിലൊരാളായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വിയോഗം ചരിത്രസ്മരണയുടെ കടലിരമ്പമാണ് സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യത്തിനും മനുഷ്യനീതിക്കും വേണ്ടിയുള്ള ആത്മാര്‍പ്പണത്തിന്റെ വിലയെപ്പറ്റി അവരുടെ ജീവിതം ഓര്‍മിപ്പിക്കുന്നു. അവരുടെ നിര്യാണത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ പതാകയായി ഉയര്‍ന്നുവന്ന 'മാതൃഭൂമി'യുടെ പ്രണാമം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/