വൈദ്യുതി: നിരക്കുവര്‍ധന ഉടന്‍
Posted on: 24 Jul 2012
മാസം 150 യൂണിറ്റുവരെ വലിയ വര്‍ധനയുണ്ടാവില്ല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും. എല്ലാ വിഭാഗങ്ങള്‍ക്കും നിരക്ക് വര്‍ധനയുണ്ടാവും. എന്നാല്‍ മാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ചെറിയതോതിലുള്ള വര്‍ധനയേ ഉണ്ടാവൂ. ഒരു നിശ്ചിത നിരക്കിന് മുകളിലുള്ള ഉപഭോഗത്തിന് ഫിക്‌സഡ് ചാര്‍ജും ചുമത്തും.
1546.40 കോടി രൂപ അധികവരുമാനം ലഭിക്കുന്ന നിരക്ക് വര്‍ധനാനിര്‍ദേശമാണ് വൈദ്യുതി ബോര്‍ഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് നല്‍കിയത്. ഏതാണ്ട് ഇത്രതന്നെ വരുമാനം കിട്ടുന്ന നിരക്കുവര്‍ധന അനുവദിക്കാനാണ് കമ്മീഷന്റെ തീരുമാനം. എന്നാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ബോര്‍ഡ് നിര്‍ദേശിച്ച പ്രകാരമായിരിക്കില്ല വര്‍ധന.
യൂണിറ്റിന് വിവിധ വിഭാഗങ്ങളിലായി 35 പൈസ മുതല്‍ 1.30 രൂപ വരെ കൂട്ടാനാണ് ബോര്‍ഡിന്റെ നിര്‍ദേശം. ഫിക്‌സഡ് ചാര്‍ജായി അഞ്ചുമുതല്‍ 90 രൂപവരെയും പിരിക്കാന്‍ ബോര്‍ഡ് അനുമതി തേടിയിട്ടുണ്ട്.
എന്നാല്‍ ഗാര്‍ഹിക മേഖലയില്‍ മാസം 300 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധനയുണ്ടാവും. വ്യാവസായിക മേഖലയില്‍ കടുത്ത വര്‍ധന ഒഴിവാക്കും. അതേസമയം കച്ചവടകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, നക്ഷത്ര ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തെ കാര്യമായ വര്‍ധനയാണ് കാത്തിരിക്കുന്നത്.
ഗാര്‍ഹിക വിഭാഗത്തില്‍ ഉയര്‍ന്ന ഉപയോഗമുള്ളവര്‍ക്കും എല്‍.ടി. ഇന്‍ഡസ്ട്രിയിലും ടൈം ഓഫ് ദ ഡേ മീറ്റര്‍ നിര്‍ബന്ധമാക്കും. എന്നാല്‍ ഇത് സ്ഥാപിക്കാന്‍ ആവശ്യമായ സമയം നല്‍കും. ഉയര്‍ന്ന ഉപഭോഗമുള്ള സമയത്തെ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാനാണ് ഇത്തരം മീറ്ററുകള്‍ സ്ഥാപിക്കുന്നത്.
ക്രോസ് സബ്‌സിഡി ഒഴിവാക്കുന്നതില്‍ തീരുമാനമാവാതെ നിരക്കുവര്‍ധന പാടില്ലെന്നാവശ്യപ്പെട്ട് എച്ച്.ടി.- ഇ.എച്ച്.ടി. കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് വരും ദിവസങ്ങളിലറിയാം. ഇതനുസരിച്ചായിരിക്കും നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam