എയര്‍ഇന്ത്യ: പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ നടപടി തുടങ്ങി
Posted on: 24 Jul 2012
നെടുമ്പാശ്ശേരി: സമരം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ നടപടികള്‍ തുടങ്ങി. റദ്ദാക്കപ്പെട്ട സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു വേണ്ടിയാണിത്. സമരത്തിന്റെ പേരില്‍ 101 പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ പുറത്താക്കിയത്. പൈലറ്റുമാരെ തിരിച്ചെടുക്കന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട പൈലറ്റുമാര്‍ ജോലിയില്‍ തരിച്ചുകയറാന്‍ തയ്യാറാണെന്ന് കാട്ടി കത്ത് നല്‍കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ നിയോഗിച്ചിട്ടുള്ള സമിതി പൈലറ്റുമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഘട്ടംഘട്ടമായി തിരിച്ചെടുക്കുന്നത്. ആദഘട്ടമായി 9 പേരെ തിരിച്ചെടുത്തു.
എയര്‍ഇന്ത്യാ പൈലറ്റുമാര്‍ 58 ദിവസം സമരത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. സമരം തീര്‍ന്നെങ്കിലും ഇതുവരെ റദ്ദാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാനായിട്ടില്ല. മെഡിക്കല്‍ പരിശോധനയും പരിശീലനവും നടത്തിയശേഷമേ സമരത്തിലേര്‍പ്പെട്ട പൈലറ്റുമാര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയൂ. എയര്‍ ഇന്ത്യാ സര്‍വീസുകള്‍ പലതും റദ്ദാക്കിയിരിക്കുന്നതിനാല്‍ ഗള്‍ഫ് മലയാളികള്‍ ദുരിതത്തിലാണ്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam