ശ്രേയാംസ് കുമാറിന്റെ ഭൂമി: നിയമം ലംഘിച്ച് നടപടി എടുക്കില്ല; സര്‍ക്കാരിന്റെ ഉറപ്പ്

Posted on: 23 Feb 2010



കൊച്ചി: എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ.യ്ക്ക് വയനാട്ടിലെ കൃഷ്ണഗിരിയിലുള്ള ഭൂമിക്ക് എതിരെ നിയമാനുസൃതമായിട്ടു മാത്രമേ നടപടി എടുക്കൂ എന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിനുവേണ്ടി വയനാട് ഡെപ്യൂട്ടി കളക്ടര്‍ കെ. ഗണേശന്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

ഭൂമി സംബന്ധിച്ച് സുല്‍ത്താന്‍ബത്തേരി സബ്‌കോടതിയില്‍ കേസ് നിലനില്‍ക്കുന്നു. ശ്രേയാംസ് കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഭൂമിയില്‍ ആരെങ്കിലും അതിക്രമിച്ച് പ്രവേശിക്കുന്നത് സബ് കോടതി തടഞ്ഞിട്ടുള്ളതാണ്.

ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സബ് കോടതി തീരുമാനത്തിന് വിധേയമായിട്ടു മാത്രമേ പ്രസ്തുത ഭൂമി തിരിച്ചെടുക്കാന്‍ നടപടി എടുക്കൂ. നിയമവും ചട്ടങ്ങളും സ്വാഭാവിക നീതിയും അനുസരിച്ചു മാത്രമേ നടപടി എടുക്കൂ. നിയമം ലംഘിച്ച് ഒരു നടപടിയും എടുക്കില്ല. ശ്രേയാംസ്‌കുമാറിന്റെ കൈവശം അനധികൃത ഭൂമി ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ നടപടി ഉണ്ടാകൂ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അദ്ദേഹത്തിന്റെ കൈവശം അനധികൃത ഭൂമി ഉണ്ടെങ്കില്‍ മാത്രമേ നടപടി ആകാവൂ എന്നായിരുന്നു 2008-ല്‍ ഹൈക്കോടതി വിധിച്ചിരുന്നത്. എന്നാല്‍ അങ്ങനെ കണ്ടെത്താന്‍ യാതൊരു നടപടിയും ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ഭൂമിയില്‍ വയനാട് ജില്ലാ കളക്ടര്‍ ബോര്‍ഡ് സ്ഥാപിച്ചത്. അത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ബോര്‍ഡിലൂടെ കളക്ടര്‍ അവകാശപ്പെട്ടത്. കളക്ടറുടെ നടപടികള്‍ നിയമവിരുദ്ധമായി ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പ്രസ്തുത ബോര്‍ഡ് അവിടെ നിന്ന് എടുത്തു മാറ്റിയിരുന്നു. കളക്ടറുടെ നടപടി കോടതിയുടെ നിശിതമായ വിമര്‍ശനത്തിനും വിധേയമായിരുന്നു.

ഇവിടെ ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം കോടതി കഴിഞ്ഞ ദിവസം അനുവദിക്കുകയും ചെയ്തിരുന്നു. കൃഷ്ണഗിരി വില്ലേജിലെ 14.44 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് കളക്ടര്‍ തര്‍ക്കം ഉന്നയിച്ചിരുന്നത്. തന്റെ കൈവശം നിയമാനുസൃതമായിട്ടുള്ളതാണ് ഭൂമി എന്ന് ശ്രേയാംസ് കുമാര്‍ കോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കുന്നു. ഭൂ സംരക്ഷണ നിയമം അനുസരിച്ച് അത് തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. എന്നാല്‍ സുല്‍ത്താന്‍ബത്തേരി സബ് കോടതി ഉത്തരവിന് വിധേയമായിട്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.

നിയമാനുസൃത നടപടികള്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ നടപടി എടുക്കുമെന്നുള്ള ശ്രേയാംസ് കുമാറിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയിലെ മറ്റ് ആരോപണങ്ങളും സര്‍ക്കാര്‍ നിഷേധിച്ചു.

ആദിവാസികള്‍ പ്രസ്തുത ഭൂമിയില്‍ അതിക്രമിച്ചു കയറിയപ്പോള്‍ കളക്ടര്‍ നടപടി എടുത്തിട്ടുണ്ട്. ഇനിയും ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. അല്ലാതെ നിയമ നടപടികള്‍ ലംഘിച്ച് ഭൂമി തിരിച്ചു പിടിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഹാരിസണ്‍സിന്റെയും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോത്തന്റെയും ഹര്‍ജികളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്''.

തന്റെ ഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ല-ശ്രേയാംസ് കുമാര്‍


കൊച്ചി: സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള ഒരു നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തന്റെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന് ശ്രേയാംസ് കുമാര്‍ എംഎല്‍എ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലത്തിന് മറുപടിയായിട്ടാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.

''തന്റെ കൈവശമുള്ള ഭൂമി കൈയേറ്റ ഭൂമി അല്ലാത്തതിനാല്‍ ഭൂസംരക്ഷണ നിയമം ബാധകമല്ല. ഭൂമി തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നുവെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കാത്തതും വിധി വളച്ചൊടിച്ചിട്ടുള്ളതുമാണ്''.

തന്റെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നുള്ള സര്‍ക്കാര്‍ വാദം പൂര്‍ണമായും തെറ്റാണെന്ന് ശ്രേയാംസ്‌കുമാര്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭൂമി സംബന്ധിച്ചുള്ള എല്ലാ വസ്തുതകളും രേഖാമൂലമുള്ള തെളിവുകളോടു കൂടിയാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. അതിനാല്‍ തന്റെ ഭൂമിക്കുമേല്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല.

ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കൈയേറ്റക്കാര്‍ അത് അനധികൃതമായി കൈവശം വെക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/