ടി.പി. വധം: ആദ്യം കുറ്റപത്രം നല്‍കുന്നത് 37 പേര്‍ക്ക്
Posted on: 20 Jul 2012
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യം കുറ്റപത്രം നല്‍കുക കൊലയാളി സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള 37 പേര്‍ക്ക്. കൊലപാതകത്തിന്റെ ആസൂത്രകന്‍ ടി.കെ.രജീഷോ കൊടിസുനിയോ ആയിരിക്കും പ്രതിപ്പട്ടികയില്‍ ഒന്നാമനാവുക. ഇക്കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, ട്രൗസര്‍ മനോജ്, കിര്‍മാണി മനോജ്, ജ്യോതിബാബു, കൊലയാളി സംഘത്തിന് ടി.പി. സഞ്ചരിക്കുന്ന വഴി പറഞ്ഞുകൊടുത്ത ദിപിന്‍, തുടങ്ങിയവരെല്ലാം ആദ്യ കുറ്റപത്രത്തിലുണ്ടാവും. എന്നാല്‍ പ്രതികളെ ഒളിപ്പിച്ചതിന് പിടിയിലായതുള്‍പ്പെടെ നിസാര കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ കുറ്റപത്രം നല്‍കില്ല.
ടി.പി. വധക്കേസില്‍ മെയ് പതിനാലിനാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. അതുകൊണ്ട് ആഗസ്ത് പതിനഞ്ചിനകം ആദ്യ കുറ്റപത്രം സമര്‍പ്പിക്കും. സി.ബി.ഐ. മാതൃകയിലാണ് കുറ്റപത്രം തയാറാവുന്നത്. ഘട്ടംഘട്ടമായി കുറ്റപത്രം സമര്‍പ്പിക്കുന്നത് കേസിന് പ്രയോജനം ചെയ്യും. ആദ്യം അറസ്റ്റിലായവരെയാണ് ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്. കാരായി രാജന്‍, പി. മോഹനന്‍ എന്നിവര്‍ക്ക് പിന്നീടാണ് കുറ്റപത്രം നല്‍കുക. ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കുറ്റപത്രം ഭാഗികമായിരിക്കും. ഗൂഢാലോചനക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഇനിയും തുടരും. ഡിവൈ.എസ്.പി.മാരായ എ.പി. ഷൗക്കത്തലി, ജോസി ചെറിയാന്‍, സോജന്‍, കെ.വി. സന്തോഷ്, സി.ഐ. വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തില്‍പെട്ട ഷിനോജിനെ കോടതി മൂന്നുദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘം നാലുദിവസത്തേക്ക് ചോദിച്ചിരുന്നെങ്കിലും കോടതി മൂന്നുദിവസമാണ് അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്റെയും കൊലയാളി സംഘങ്ങള്‍ക്ക് വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത ജാബിര്‍, നിസാര്‍ എന്നിവരുടെയും ജാമ്യാപേക്ഷ പരിഗണിക്കാനായി 21-ലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞനന്തന്‍ ഒളിവില്‍ പോവാന്‍ ഉപയോഗിച്ച സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള വാഹനം വിട്ടുകിട്ടാന്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കെ.കെ. പവിത്രന്‍ നല്‍കിയ ഹര്‍ജിയും 21-ന് പരിഗണിക്കും. ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്റെ റിമാന്‍ഡ് കാലാവധിയും പതിനാല് ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.