ആപത്കരമായ പരീക്ഷണങ്ങള്‍

Posted on: 18 Jul 2012



മരുന്നുപരീക്ഷണത്തെക്കുറിച്ച് പരമോന്നതനീതിപീഠത്തില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ വൈദ്യശാസ്ത്രത്തിന്റെ പുരോഗതി എല്ലാ നിലയ്ക്കും മൂല്യാധിഷ്ഠിതമായിരിക്കണമെന്ന ആശയത്തിന് അടിവരയിടുന്നതാണ്. പരീക്ഷണങ്ങള്‍ക്ക് മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന്, ഇതുസംബന്ധിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കെയാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. കുട്ടികളെയും ആദിവാസികളെയും മറ്റും ബഹുരാഷ്ട്രക്കുത്തകകള്‍ മരുന്നുപരീക്ഷണത്തിനായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് മധ്യപ്രദേശിലെ ഡോക്ടര്‍മാരുടെ സംഘടനയും ഒരു സന്നദ്ധസംഘടനയും ഹര്‍ജി നല്‍കിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന അനധികൃത മരുന്നുപരീക്ഷണത്തില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് കേന്ദ്ര, മധ്യപ്രദേശ് സര്‍ക്കാറുകള്‍ക്കും മെഡിക്കല്‍ കൗണ്‍സിലിനും കോടതി നോട്ടീസയച്ചിട്ടുണ്ട്. അനധികൃതമായും രഹസ്യമായും നടത്തുന്ന മരുന്നു പരീക്ഷണങ്ങളും അവയെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത് ഈ രംഗത്ത് അരുതാത്തത് പലതും വ്യാപകമായിത്തന്നെ നടക്കുന്നുണ്ടെന്നാണ്. അതില്‍ സമൂഹത്തിനുള്ള ആശങ്കയാണ് നീതിപീഠവും പങ്കുവെച്ചിരിക്കുന്നത്.

വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ് മരുന്ന്, ചികിത്സ തുടങ്ങിയവ സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍. അവ നടത്തുന്നതിന് വൈദ്യശാസ്ത്രലോകം തന്നെ ചില നിയന്ത്രണങ്ങളും തത്ത്വങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ദുഷ്ഫലങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് അവയുടെ അന്തസ്സത്ത. എന്നാല്‍, ഇത്തരം നിയന്ത്രണങ്ങളുടെയും ധാര്‍മികതയുടെയും ലംഘനങ്ങള്‍ ഈ രംഗത്ത് വ്യാപകമാണ്. അധികൃതമോ സുതാര്യമോ അല്ലാത്ത പരീക്ഷണങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്ന് കണ്ടുപിടിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് പൊതുവെയുള്ളത്. രോഗശമനത്തിന് ഉപകരിക്കുന്നവയായതിനാല്‍ ഔഷധങ്ങള്‍ക്ക് വിപണനത്തിനപ്പുറമുള്ള ഒരു മൂല്യം വൈദ്യശാസ്ത്രലോകവും സമൂഹവും പണ്ടേ കല്പിച്ചുപോരുന്നു. എന്നാല്‍, ബഹുരാഷ്ട്രക്കുത്തകകള്‍ ഔഷധങ്ങളെ കച്ചവടക്കണ്ണിലൂടെ മാത്രം കാണുകയും കൊള്ളലാഭത്തിനുള്ള വഴികള്‍ തേടുകയും ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങളാകെ മാറി. നിരോധിച്ച മരുന്നുകളുടെ വില്പന, ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ആധിക്യം, കുതിച്ചുയരുന്ന മരുന്നുവില തുടങ്ങിയവ ഈ പ്രവണതയുടെ ദുഷ്ഫലങ്ങളാണ്. വൈദ്യശാസ്ത്ര, ധാര്‍മികമൂല്യങ്ങള്‍ക്ക് വില കല്പിക്കാതെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏതറ്റംവരെയും പോകുമെന്നതിനു തെളിവാണ് അനധികൃത മരുന്നുപരീക്ഷണങ്ങള്‍.

പുതിയ മരുന്ന് കമ്പോളത്തില്‍ ഇറക്കുന്നതിനു മുന്‍പ്, മനുഷ്യരില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം ആവശ്യമാണെന്ന് ബന്ധപ്പെട്ട നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ വ്യവസ്ഥകള്‍ പാലിക്കാതെയും വലിയ ചെലവില്ലാതെയും നടത്താന്‍ കഴിയുന്നു എന്നതാണത്രെ ബഹുരാഷ്ട്രക്കുത്തകകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. സമൂഹത്തിന്റെ താഴത്തെത്തട്ടുകളിലുള്ളവരുടെ അജ്ഞതയിലും ദാരിദ്ര്യത്തിലും നിന്നാണ് ഈ ലാഭമോഹികള്‍ മുതലെടുക്കുന്നത്. നിരക്ഷരരെയും പാവപ്പെട്ടവരെയും സമീപിച്ചാല്‍ അനുമതിയില്ലാതെയും മരുന്നുകള്‍ ശരീരത്തില്‍ പരീക്ഷിക്കുകയാണെന്ന് അറിയിക്കാതെയും കാര്യം നടത്താനാവും. മധ്യപ്രദേശിലെ പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ഇതിന് കൂട്ടുനില്‍ക്കുന്നതായും അവര്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ചില മരുന്നുകമ്പനികളും ഡോക്ടര്‍മാരും മറ്റ് അധികൃതരും അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട് ഈ രംഗത്ത് ശക്തമാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. പരീക്ഷണത്തിന് ഇരകളായവരില്‍ പലരും പാര്‍ശ്വഫലങ്ങളാലും ശാരീരിക വൈകല്യങ്ങളാലും കഷ്ടപ്പെടുന്നു. വാക്‌സിന്‍ പരീക്ഷണത്തിന് കൊച്ചുകുട്ടികളെവരെ ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങളേറെയും ഇന്ത്യക്കു പുറത്ത് നിരോധിച്ചിട്ടുള്ളവയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പരീക്ഷണങ്ങള്‍ തടയുന്നതില്‍, സുപ്രീംകോടതി വ്യക്തമാക്കിയതുപോലെ, സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. പാവപ്പെട്ടവരാണ് കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നതെന്ന് പരാതിയുള്ളതിനാല്‍, ഭരണാധികാരികള്‍ ഗൗരവമായിത്തന്നെ ഈ പ്രശ്‌നത്തെ കാണണം. ഈ രംഗത്ത് കര്‍ശനനിയന്ത്രണങ്ങളും വ്യക്തമായ വ്യവസ്ഥകളുമില്ലെങ്കില്‍ ഏര്‍പ്പെടുത്താന്‍ ഒട്ടും വൈകരുത്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/