സഭാതലം: പെന്‍ഷനിലും കളിക്കുന്നു
Posted on: 18 Jul 2012
എസ്.എന്‍. ജയപ്രകാശ്
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ വി. എസ്. അച്യുതാനന്ദന്‍ 'ഒമാബ'യെന്നേ വിളിക്കൂ. തനതുശൈലിയില്‍ ഒബാ...മ. തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഈ 'ഒമാബ'യുടെ നയം യു.ഡി.എഫ് പിന്തുടരുന്നതാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനുപിന്നിലെന്ന് വി.എസ്. പറയുന്നു. അദ്ദേഹം എന്തുപറഞ്ഞാലും പെന്‍ഷന്‍പ്രായം കൂട്ടുന്നതില്‍ കുറച്ചുനാള്‍കൂടി ഉരുണ്ടുകളി തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പങ്കാളിത്ത പെന്‍ഷന്‍, വിരമിക്കല്‍ പ്രായവര്‍ധന തുടങ്ങിയ ഭീകരപ്രശ്‌നങ്ങളില്‍ നിന്ന് ഭീരുക്കളെപ്പോലെ ഒളിച്ചോടില്ലെന്നാണ് കഴിഞ്ഞദിവസം മന്ത്രി മാണി പറഞ്ഞത്. അതെല്ലാം അക്കാദമിക് ചര്‍ച്ചയ്ക്കുവേണ്ടി മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. മാണി മുന്നോട്ടുവെച്ചത് ചില ആശയങ്ങളെന്ന് മുഖ്യമന്ത്രിയും. പക്ഷെ എല്ലാറ്റിലുമെന്നപോലെ ഇതിലും മുഖ്യമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടും സുവ്യക്തമായ നയവുമുണ്ട്. യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം തീരുമാനിക്കേണ്ടിവരും. യുവജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിനെ വിശ്വസിച്ചോളും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാത്തതിനാല്‍ ബിഹാറുവരെ കേരളത്തിനുമുന്നില്‍ ഓടിക്കയറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്‌നം പി. ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. പ്രതിപക്ഷത്തെ ആവേശം കണ്ടപ്പോള്‍ സഭയിപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് തോന്നി. പക്ഷെ ഇറങ്ങിപ്പോക്കില്‍ ഒതുങ്ങി. ഭരണ ബെഞ്ചുകളിലെ സിംഹക്കുട്ടികളൊക്കെ സുരക്ഷിത മൗനം പാലിച്ചു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ ടി.വി. രാജേഷ് സമരഭീഷണിയുമായി പ്രതിപക്ഷ ബെഞ്ചുകള്‍ക്കിടയില്‍ ഓടിപ്പാഞ്ഞുനടന്നു. ഒറ്റയ്ക്ക് നടുത്തളത്തിനടുത്തേക്ക് പാഞ്ഞ രാജേഷ് കുറെനേരം കുത്തിയിരുന്നു. മറ്റുള്ളവര്‍ ചുറ്റുംകൂടി. രാജേഷിന് മുഖ്യമന്ത്രി വഴങ്ങിയില്ല. ഭീഷണിയൊക്കെ താന്‍ കുറെ കണ്ടതാണെന്ന് അദ്ദേഹംരോഷത്തോടെ തിരിച്ചടിച്ചു. ആരും പേടിപ്പിക്കാനൊന്നും നോക്കണ്ട. അങ്ങ് നടപ്പാക്കും. അല്ലാതെ പിന്നെയെന്നാ? ബഹളത്തിനിടയില്‍ മുഖ്യമന്ത്രി ചോദിക്കുന്നതും കേട്ടു.
സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍ യുവജന സംഘടനകള്‍ ചെവിക്കുപിടിച്ചതുകൊണ്ടാണെന്ന് വി.എസ്. കരുതുന്നു. മാണിയുടെ യുവജന ഫ്രണ്ടിന് കൈപൊങ്ങില്ല. പക്ഷെ, കോണ്‍ഗ്രസിന്റെ യുവജന സംഘടനകളെക്കുറിച്ച് വി.എസ്സിന് നല്ല മതിപ്പ്. അവര്‍ നല്ലപോലെ മുഖ്യന്റെ ചെവിക്ക് 'മുരുക്കി'ക്കാണും... 'മുരുക്കി'ക്കാണും. അക്കാദമിക് എന്ന സംസ്‌കൃതം പറയാതെ മാണി നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. ഇറങ്ങിപ്പോയത്.
ധനബില്ലിന്റെ ചര്‍ച്ചയില്‍ മദ്യം പ്രധാന വിഷയമായത് സ്വാഭാവികം. കടിച്ചുകീറാന്‍ കോഴി നികുതിയിലെ ചോര്‍ച്ചയും. ആളുകള്‍ കുടിച്ചാലേ ആര് ധനമന്ത്രിയായാലും പണി നടക്കൂ എന്ന സത്യം പറഞ്ഞത് മുല്ലക്കര രത്‌നാകരന്‍. രാജ്യത്തെ മൊത്തം മദ്യത്തിലെ 16 ശതമാനം കുടിച്ച് മരുന്നിന്റെ 20 ശതമാനവും തിന്ന് 18 ശതമാനം രോഗികളെയും പേറി അബോധാവസ്ഥയിലുള്ള മലയാളിയെ ആര്‍ക്കും ഐശ്വര്യത്തിലേക്ക് നയിക്കാന്‍ പറ്റില്ല. എന്നാല്‍ മദ്യം വാങ്ങാന്‍ റോഡരികില്‍ ക്യൂ നില്‍ക്കുന്നത് അവസാനിപ്പിക്കണം. മദ്യം വാങ്ങുന്നത് അപമാനകരമായ കാര്യമല്ലെന്ന് ഈ ക്യൂ കാണുമ്പോള്‍ കുട്ടികള്‍ക്ക് തോന്നും. മദ്യക്കടകള്‍ ഉള്ളിലേക്ക് മാറ്റണം-മുല്ലക്കര ആവശ്യപ്പെട്ടു.
ഇന്നലെവരെ മൂന്ന് പെഗ് കുടിച്ചിരുന്നവന്‍ വിലകൂടിയതിന്റെ പേരില്‍ രണ്ടാക്കുമോയെന്നാണ് വി. ഡി. സതീശന്റെ ചോദ്യം. വിലയും നികുതിയും കൂടിയാല്‍ മദ്യപാനികള്‍ വീട്ടില്‍ കൊടുക്കുന്ന പണം കുറയ്ക്കും. സ്ത്രീകളും കുട്ടികളും വലയും. നികുതി കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുമ്പ് പഠനം വേണം. കേരളത്തില്‍ സ്വര്‍ണത്തിന് നാലുശതമാനം നികുതിയുള്ളതിനാല്‍ ഒരുശതമാനമുള്ള തമിഴ്‌നാട്ടിലേക്ക് കച്ചവടം ഒഴുകുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
പക്ഷെ, മദ്യത്തിന്റെ കാര്യത്തില്‍ താന്‍ വിദഗ്ധനല്ലെന്ന് മാണിസാര്‍ സമ്മതിച്ചു. ഇതില്‍ വലിയ കഴിവുമില്ല. (ചെറിയ കഴിവേയുള്ളൂവെന്ന് പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കമന്റ്). സതീശനും വലിയ കഴിവില്ലെന്ന് അറിയാം. ടാക്‌സ് കൂട്ടിയാല്‍ സ്‌മോള് കഴിപ്പ് കൂടുമെന്നു പറയുന്ന സതീശാ, അപ്പോള്‍ ടാക്‌സ് കുറച്ചാലും സ്‌മോളു കഴിപ്പ് കൂടില്ലേ? ചോദ്യം കേട്ടപ്പോള്‍ 'പാലാ മോഡല്‍' എന്ന് കുഞ്ഞാലിക്കുട്ടി മന്ത്രിച്ചു. ഇക്കാര്യത്തില്‍ പണ്ട് പാലായ്ക്കുണ്ടായിരുന്ന ദുഷ്‌പേര് ഇപ്പോള്‍ മലപ്പുറത്തേക്ക് മാറിയെന്ന് മാണി തിരിച്ചടിച്ചു.
വരുമാനത്തെക്കാള്‍ വിലക്കയറ്റമുണ്ടായതോടെ യഥാര്‍ഥ ശമ്പളം കുറഞ്ഞെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് സമര്‍ഥിച്ചു. സാമ്പത്തികമാന്ദ്യം വാങ്ങല്‍ശേഷി കുറയ്ക്കുന്നതിനാല്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ച നികുതിയില്‍ വര്‍ഷം മുഴുവന്‍ ഉറച്ചുനില്‍ക്കുന്ന സാമ്പ്രദായിക രീതി അവസാനിപ്പിക്കണമെന്നും മാഷ് വാദിച്ചു. പക്ഷെ, അങ്ങനെ ചാഞ്ചാടുന്നത് നല്ല ധനമന്ത്രിയുടെ ലക്ഷണമല്ലെന്ന് മാത്രമല്ല മാര്‍ക്‌സിസത്തിനും വിരുദ്ധമാണെന്ന് മാണി പറഞ്ഞു.
നാലാള് പ്രതിപക്ഷത്തുനിന്ന് മാറുമെന്ന ചിലരുടെ പ്രഖ്യാപനത്തെക്കുറിച്ച് ഇതൊരു 'പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ട് സ്ഥാപന'മാക്കരുതെന്ന എ.കെ. ബാലന്റെ പരാമര്‍ശത്തെ പാലോട് രവി എതിര്‍ത്തു. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരച്ഛന് ജനിച്ച ഏതെങ്കിലും പ്രതിനിധിയെ നിങ്ങള്‍ക്ക് തട്ടിയെടുക്കാനാവുമോയെന്ന് ബാലന്‍ വെല്ലുവിളിച്ചു.
കോഴിക്കും സ്വര്‍ണത്തിനും ഈ ഫ്‌ളോറില്‍ നിന്ന് നികുതി കുറയ്ക്കാന്‍ താന്‍ അശക്തനാണെന്ന് മാണിസാര്‍ വിനയത്തോടെ പറഞ്ഞു. ബില്ലില്‍ ആകെ അംഗീകരിച്ച ഭേദഗതിയാകട്ടെ അക്ഷരത്തെറ്റ് തിരുത്തലും. ചില സ്ഥലങ്ങളില്‍ 'അബ്സ്റ്റിറ്റിയൂട്ട്' എന്നത് 'സബ്സ്റ്റിറ്റിയൂട്ട്' എന്നാക്കി . പ്രതിപക്ഷത്തെ ബി.ഡി. ദേവസിയുടെ ഭേദഗതിപോലും ഇക്കാര്യത്തില്‍ സ്വീകരിച്ചു. സ്‌പെല്ലിങ് മിസ്റ്റേക്ക് എവിടെക്കണ്ടാലും തിരുത്തണമെന്ന് സര്‍ക്കാര്‍ നയമുണ്ടത്രെ.
കാര്‍ഷിക സര്‍വകലാശാലയ്ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് തോമസ് ഐസക് 100 കോടി കൊടുത്തത് 'എ പര്‍ട്ടിക്കുലര്‍ ഫോം ഓഫ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍' എന്നാണ് മാണിസാര്‍ പറയുന്നത്. അങ്ങനെ പങ്കാളിത്ത പെന്‍ഷന്റെയും പിതൃത്വം ഐസക്കിന് തട്ടി. ഐസക്ക് ചൈനയിലാണ്. തങ്ങളുടെ കാലത്ത് അതും സംഭവിച്ചോ എന്നുസംശയിച്ച് പ്രതിപക്ഷനിര കേട്ടിരുന്നു.