കടല്‍ക്കൊള്ളക്കാരുടെ തടവില്‍ രണ്ടുവര്‍ഷം : ജോര്‍ജ് ജോസഫിന്റെ മോചനം നീളുന്നു

Posted on: 18 Jul 2012



കൊച്ചി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ രണ്ടുവര്‍ഷമായി തടഞ്ഞുവെച്ചിരിക്കുന്ന മലയാളിയെ മോചിപ്പിക്കാന്‍ കുടുംബം കേന്ദ്ര സര്‍ക്കാരിന്റെ കനിവ് തേടുന്നു. എല്ലാ വാതിലുകളിലും മുട്ടിയെങ്കിലും കാര്യം നടക്കാതെ നിസ്സഹായാവസ്ഥയില്‍ കേഴുകയാണ് കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശിയായ ജോര്‍ജ് ജോസഫിന്റെ കുടുംബം. 2010 സപ്തംബര്‍ 28 നാണ് ജോര്‍ജ് ജോസഫ് ജോലിചെയ്യുന്ന കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കുന്നത്. 17 പേരില്‍ 10 പേരെ കടല്‍ കൊള്ളക്കാര്‍ മോചിപ്പിച്ചു. എന്നാല്‍ ജോര്‍ജ് ജോസഫ് ഉള്‍പ്പെടെ ഏഴു പേരെ വിട്ടില്ല. കരയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ മോചിപ്പിക്കാന്‍, ഇന്ത്യന്‍ കസ്റ്റഡിയിലുള്ള തങ്ങളുടെ ബന്ധുക്കളായ 16 കടല്‍ക്കൊള്ളക്കാരെ വിട്ടുകിട്ടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ സഹായം തേടി ജോര്‍ജ് ജോസഫിന്റെ ഭാര്യ മേഴ്‌സി ജോര്‍ജ് , പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ഒരുവട്ടവും കേന്ദ്രമന്ത്രി എ. കെ. ആന്റണിയെ അഞ്ചുവട്ടവും കണ്ടു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നില്ലെന്ന് മേഴ്‌സി ജോര്‍ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ കസ്റ്റഡിയില്‍ ഉള്ള സോമാലിയക്കാര്‍ കടല്‍ക്കൊള്ളക്കാരല്ലെന്നും മത്സ്യത്തൊഴിലാളികളാണെന്നുമാണ് സോമാലിയയില്‍ നിന്ന് സംസാരിച്ച മധ്യസ്ഥന്‍ പറഞ്ഞത്. അവരെ വിട്ടുകിട്ടിയെങ്കില്‍ മാത്രമേ ഇന്ത്യക്കാരെ വിടുകയുള്ളുവെന്നാണ് അവര്‍ പറയുന്നത്. ഒഡീഷയില്‍ ജില്ലാ കളക്ടറെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകളെ വിട്ടയച്ചു. ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവരുടെ സര്‍ക്കാര്‍ എത്ര വേഗത്തിലാണ് ഇടപെട്ടതെന്ന് കേരളത്തിലുള്ളവര്‍ക്ക് അറിയാം. എന്നാല്‍ ഏഴ് ഇന്ത്യക്കാരെ രണ്ടു വര്‍ഷമായി അന്യായമായി തടങ്കലില്‍ വെച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്ന് മേഴ്‌സി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

മരിക്കുന്നതിനു മുമ്പ് മകനെ ഒരു നോക്ക് കാണണമെന്ന് അഭ്യര്‍ത്ഥിച്ച് ജോര്‍ജ് ജോസഫിന്റെ വൃദ്ധയായ മാതാവ് അന്നമ്മ കേഴുകയാണ്. ആറുമാസമായി ജോര്‍ജ് ജോസഫ് വീട്ടിലേക്ക് വിളിച്ചിട്ട്. തടങ്കലില്‍ കഴിയുന്ന ഏഴു പേരെ മൂന്ന് ഗ്രൂപ്പായാണ് അവിടെ പാര്‍പ്പിച്ചിരിക്കുന്നത്. തടങ്കലിലുള്ള സോമാലിയക്കാരെ മോചിപ്പിച്ചാണെങ്കിലും നിരപരാധികളായ ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് ജോര്‍ജ് ജോസഫിന്റെ കുടുംബം അപേക്ഷിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/