ഗള്‍ഫില്‍ യുവതിക്ക് പീഡനം: അന്വേഷണം തൃശ്ശൂര്‍, കൊല്ലം ജില്ലകളിലേക്ക്

Posted on: 18 Jul 2012



നെടുമ്പാശ്ശേരി: കഴക്കൂട്ടം സ്വദേശിനിയായ 19കാരി ഗള്‍ഫില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ അന്വേഷണം തൃശ്ശൂര്‍, കൊല്ലം ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ഗള്‍ഫിലേക്ക് കയറ്റിവിട്ടത് പത്തനാപുരം സ്വദേശിനിയായ ഏജന്റാണ്. ഇവരെ കണ്ടെത്തുന്നതിനാണ് കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത് പത്തനാപുരം സ്വദേശിനിയായ ഏജന്റ് തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഗള്‍ഫില്‍ പീഡനത്തിനിരയായ യുവതി നാട്ടില്‍ മടങ്ങിയെത്തി സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതോടെ ഏജന്റ് മുങ്ങി. ഇവരെ പിടികൂടിയാല്‍ മാത്രമേ ഗള്‍ഫ് കേന്ദ്രീകരിച്ച് പെണ്‍വാണിഭകേന്ദ്രം നടത്തുന്ന തൃശ്ശൂര്‍ സ്വദേശിനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.

ഏജന്റ് യുവതിയെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച് വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യുവതിക്ക് പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ കൈമാറിയത്. ഏജന്റിന്റെ ചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ അനാശാസ്യ കേന്ദ്രം നടത്തുന്ന തൃശ്ശൂര്‍ സ്വദേശിനി പല പേരുകളിലാണ് അറിയപ്പെടുന്നത്. ലീന ബഷീര്‍, അശ്വതി എന്നീ പേരുകളിലാണ് കൂടുതലും അറിയപ്പെടുന്നത്. എന്നാല്‍ ഇവരുടെ ശരിയായ പേരും മേല്‍വിലാസവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി നോക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ സ്ത്രീകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. തൃശ്ശൂര്‍ സ്വദേശിനി ആദ്യം ഗള്‍ഫില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നതായി വിവരമുണ്ട്. പിന്നീട് ഫ്‌ളാറ്റ് എടുത്ത് സ്വന്തമായി അനാശാസ്യകേന്ദ്രം ആരംഭിക്കുകയായിരുന്നു. ഇവര്‍ക്ക് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ യുവതികളെ ഗള്‍ഫിലെത്തിച്ചുകൊടുക്കുന്ന ഏജന്റുമാരുണ്ട്. അധികവും സ്ത്രീകളാണ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്.

ഗള്‍ഫിലെ വിമാനത്താവളങ്ങളിലും ഇവരുടെ ഏജന്റുമാരുണ്ട്. കഴക്കൂട്ടം സ്വദേശിനി കൊച്ചിയില്‍നിന്നും മസ്‌കറ്റ് വിമാനത്താവളത്തിലെത്തിയപ്പോള്‍ ഒരു സ്ത്രീ യുവതിയെ സമീപിച്ചു. സെക്‌സ് റാക്കറ്റിലെ അംഗങ്ങള്‍ കോഡ് ഭാഷയിലാണ് സംസാരിക്കുന്നത്. വിമാനത്താവളത്തിലെത്തുമ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ ''ചേച്ചിക്ക് സുഖമില്ലാത്തതിനാല്‍ പോകുന്നു'' എന്ന് മറുപടി നല്‍കണമെന്നാണ് യുവതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് മസ്‌കറ്റ് വിമാനത്താവളത്തില്‍ വെച്ച് തന്നെ സമീപിച്ച സ്ത്രീ ''നീ എവിടേക്ക് പോകുന്നു'' എന്നു ചോദിച്ചപ്പോള്‍ യുവതി ഈ മറുപടിയാണ് നല്‍കിയത്. ഉടന്‍തന്നെ സ്ത്രീ ഫോണ്‍ വിളിച്ചതനുസരിച്ച് കാര്‍ എത്തി. യുവതിയെ കാറില്‍ കൊണ്ടുപോയി. മസ്‌കറ്റില്‍ രണ്ടിടത്ത് ഇടത്താവളത്തില്‍ താമസിപ്പിച്ചശേഷം കാറിന്റെ ഡിക്കിയില്‍ ഇരുത്തിയാണ് ദുബായിലേക്ക് കൊണ്ടുപോയത്.

അതിര്‍ത്തിയില്‍ പരിശോധന ഉള്ളതിനാലാണ് ഡിക്കിയില്‍ ഇരുത്തിയതെന്നാണ് യുവതിയോട് പറഞ്ഞത്. അനാശാസ്യകേന്ദ്രത്തിലെത്തിയ യുവതിയെ ഒരു മാസത്തിനിടയില്‍ 150 ഓളം പേര്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ജൂണ്‍ 11നാണ് യുവതി വ്യാജ പാസ്‌പോര്‍ട്ടില്‍ കൊച്ചി വിമാനത്താവളത്തില്‍നിന്നും ഗള്‍ഫിലേക്ക് പോയത്. കട്ടപ്പന സ്വദേശിനിയുടെ പാസ്‌പോര്‍ട്ടാണ് യുവതിയ്ക്ക് നല്‍കിയിരുന്നത്. ഇതില്‍ യുവതിയുടെ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് തട്ടിപ്പു നടത്തിയത്. പാസ്‌പോര്‍ട്ടിന്റെ യഥാര്‍ഥ ഉടമയെ ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. കെ.വി. വിജയന്‍ അറിയിച്ചു.

വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കി നല്‍കിയിരിക്കുന്നത് തൃശ്ശൂര്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേസില്‍ ഉള്‍പ്പെട്ട 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിസിറ്റിങ് വിസയിലാണ് യുവതിയെ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. എമിഗ്രേഷന്‍ ചട്ടങ്ങളൊന്നും പാലിക്കാതെ യുവതിയെ കടത്തിവിട്ട എസ്.ഐ. സസ്‌പെന്‍ഷനിലാണ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/