സ്വാതിയുടെ ഇളയമ്മയെ മാതൃകയാക്കി എടക്കാട്ടുവയല്‍ ഗ്രാമം അവയവദാനത്തിന്
Posted on: 18 Jul 2012
പിറവം: സ്വാതിയുടെ ചികിത്സയ്ക്കായി ഒറ്റദിവസം കൊണ്ട് 17 ലക്ഷം സമാഹരിച്ച് നാടിന് മാതൃകയായ എടക്കാട്ടുവയല്‍ ഗ്രാമം അവയവദാനത്തിനു നാട്ടുകാരെ സന്നദ്ധരാക്കാന്‍ ഒരുങ്ങുന്നു.
അവയവദാനത്തിന്റെ ആവശ്യവും മഹത്വവും നാട്ടിലെമ്പാടും പ്രചരിപ്പിച്ച് ജനങ്ങളെ അതിന് സന്നദ്ധരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ പറഞ്ഞു. സ്വാതിക്ക് കരള്‍ പകുത്ത് നല്‍കിയ ഇളയമ്മ റെയ്‌നി ജോയിയാണ് ഇതിനുള്ള മാതൃക. സ്വാതി കൃഷ്ണയുടെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവയ്ക്കുക മാത്രമാണ് ഏക മാര്‍ഗമെന്ന് വന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഇളയമ്മ റെയ്‌നി ജോയി കരള്‍ പകുത്ത് നല്‍കുകയാണുണ്ടായത്. ഇതുപോലുള്ള അവസരങ്ങള്‍ നാളെ ആര്‍ക്കുമുണ്ടാകാമെന്ന ചിന്തയാണ് പഞ്ചായത്തിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
അവയവദാനം സംബന്ധിച്ച് പഞ്ചായത്തില്‍ വ്യാപകമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ജനങ്ങളെ അതിന്റെ ആവശ്യം ബോധ്യപ്പെടുത്തുകയാണ് ആദ്യപടി. തുടര്‍ന്ന് പഞ്ചായത്ത് സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ അവയവദാന സമ്മതപത്രം ശേഖരിക്കും. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ദാനം ചെയ്യാവുന്ന അവയവങ്ങള്‍ ഉള്ളതിനാല്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam