ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
Posted on: 18 Jul 2012
മലയിന്‍കീഴ്: കെട്ടിടനിര്‍മാണ ജോലിക്ക് പോയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. കീഴാറൂര്‍ കുറ്റിയാണിക്കാട് കാളിയന്‍ വിളാകത്തുവീട്ടില്‍ മധുസൂദനന്റെ മകന്‍ അഭിലാഷ് (20), കുറ്റിയാണിക്കാട് കടയറ പുത്തന്‍വീട്ടില്‍ മോഹനന്റെ മകന്‍ ലാലുപ്രസാദ് (23) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 6.30ന് മലയിന്‍കീഴ് പോലീസ് സ്റ്റേഷന് സമീപം എസ്.ബി.ടി.ക്ക് മുന്നിലാണ് അപകടം നടന്നത്. കാട്ടാക്കട നിന്നും തിരുവനന്തപുരത്തേക്ക് പോയ ആര്യനാട് ഡിപ്പോയിലെ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അഭിലാഷിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണം സംഭവിച്ചത്. ലാലുപ്രസാദ് 11.15ന് ആസ്പത്രിയില്‍വെച്ച് മരിച്ചു.
മലയിന്‍കീഴ് നിന്നും കെട്ടിടനിര്‍മാണ കരാറുകാരനെ കണ്ടശേഷം കിള്ളിയില്‍ കോണ്‍ക്രീറ്റ് പണിക്കായി അഭിലാഷിന്റെ ബൈക്കില്‍ യാത്രതിരിച്ചതാണ് ഇവര്‍. ഐ.ടി.ഐ. പാസായ അഭിലാഷ് അച്ഛന്‍ മധുസൂദനന്റെ ചായക്കടയില്‍ സഹായിയായി നില്‍ക്കാറുണ്ട്. ഇടയ്ക്കിടെ കോണ്‍ക്രീറ്റ് പണികള്‍ക്കും പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഭിലാഷിന്റെ അമ്മ ഉഷകുമാരി. സഹോദരന്‍ വിഷ്ണു.
ഗള്‍ഫില്‍ ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ലാലുപ്രസാദിനെ മരണം വേട്ടയാടിയത്. അംബികകുമാരിയാണ് ലാലുവിന്റെ അമ്മ. ഏകസഹോദരന്‍ വിഷ്ണുപ്രസാദ്. മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിലാപയാത്രയായി കുറ്റിയാണിക്കാട്ടിലേക്ക് കൊണ്ടുപോയി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam