തൃണമൂല്‍ എതിര്‍പ്പ്: അവധിവ്യാപാര പരിഷ്‌കരണ ബില്‍ മാറ്റി
Posted on: 13 Jul 2012
എം.കെ.അജിത്കുമാര്‍
ന്യൂഡല്‍ഹി: അവധി വ്യാപാരരംഗത്ത് പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള 'ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് ഭേദഗതി ബില്ല്' തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മന്ത്രിസഭ മാറ്റിവെച്ചു.
വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ പ്രധാന ഇനമായി ഇതുള്‍പ്പെടുത്തിയിരുന്നെങ്കിലും ഭേദഗതി ബില്ലിനെ എതിര്‍ത്ത് തൃണമൂല്‍ അവസാനനിമിഷം പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. എന്നാല്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് എതിരഭിപ്രായമൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല.
ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷന് സാമ്പത്തിക പരമാധികാരം നല്‍കുക, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയെ അവധി വ്യാപാരത്തിന് അനുവദിക്കുക, വ്യാപാരത്തില്‍ പുതിയ സൂചികകളും ഇളവുകളും ഏര്‍പ്പെടുത്തുക മുതലായവയാണ് ഭേദഗതി ബില്ലുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ഒട്ടേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഓണ്‍ ലൈന്‍ രംഗത്തുള്ള മൂന്നു 'കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളുടെ' നിയന്ത്രണവും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പലതും അംഗീകരിച്ചശേഷമാണ് പുതിയ ബില്ല് തയ്യാറാക്കിയതെന്ന് ഭക്ഷ്യമന്ത്രി കെ.വി.തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ പരിഹരിച്ച് വീണ്ടും ബില്ല് മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അവധി വ്യാപാരത്തിന് അനുവാദമുള്ള ഉത്പന്നങ്ങളുടെ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും മറ്റും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യമന്ത്രാലയം ഉപദേശക സമിതി രൂപവത്കരിച്ചിട്ടുണ്ട്. യഥാര്‍ഥ വിപണിയും ഊഹക്കച്ചവട വിപണിയും തമ്മില്‍ രമ്യമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നും കര്‍ഷകര്‍ക്ക് അവധി വ്യാപാരത്തിന്റെ പ്രയോജനം എപ്രകാരം ലഭ്യമാക്കാമെന്നുമാണ് ഈ സമിതി പരിശോധിക്കുക.
കര്‍ഷകര്‍, വിപണി വിദഗ്ധര്‍, വ്യാപാരികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിനിധികള്‍ ഈ സമിതിയില്‍ അംഗങ്ങളാണ്. സര്‍ക്കാറിനും 'ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷനും' സമിതി ഉപദേശങ്ങള്‍ നല്‍കും. ഓരോ ഉത്പന്നവുമായും ബന്ധപ്പെട്ട് ഉപസമിതികളും രൂപവത്കരിച്ചിട്ടുണ്ട്.
അരി, പരിപ്പ്, ഉഴുന്നു പരിപ്പ് തുടങ്ങിയവയുടെ അവധിവ്യാപാരം ഇതുവരെ അനുവദിച്ചിട്ടില്ല. എന്നാല്‍ റബ്ബര്‍, ഏലം, കുരുമുളക്, കടല, കടുക്, ഉരുളക്കിഴങ്ങ്, സോയാ ബീന്‍ തുടങ്ങിവയൊക്കെ അവധി വ്യാപാര മേഖലയിലുണ്ട്.
അവധിവ്യാപാരത്തില്‍നിന്ന് ഇനി തിരിച്ചുപോവാനാവില്ലെന്ന് മന്ത്രി തോമസ് വിശദീകരിച്ചു. അതേസമയം, നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും കര്‍ഷകര്‍ക്ക് ലാഭകരമാവുംവിധം നിലവിലുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.