വിജയിച്ചത് യെദ്യൂരപ്പയുടെ തന്ത്രങ്ങള്‍, കൊടിപാറിച്ചത് ജാതിരാഷ്ട്രീയം
Posted on: 13 Jul 2012
ഉപമുഖ്യമന്ത്രിമാരുടെ നിയമനത്തിലും പരിഗണന ജാതിക്ക്
ബാംഗ്ലൂര്‍: ഇനി യെദ്യൂരപ്പയ്ക്ക് മനമറിഞ്ഞ് ചിരിക്കാം. മുഖ്യമന്ത്രിയെ മാറ്റുന്നതില്‍ മാത്രമല്ല, മന്ത്രിസഭാ രൂപവത്കരണത്തിലും തന്റെ താത്പര്യങ്ങളും ആഗ്രഹങ്ങളും അതേപടി പുനരാവിഷ്‌കരിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ ഉള്ളറിഞ്ഞുള്ള ചിരി. കര്‍ണാടകത്തില്‍ ബി.ജെ.പി.യിലെ കിരീടംവെക്കാത്ത രാജാവ് ബൂകനകരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ തന്നെയാണ്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയവര്‍ ജയ് വിളിച്ചത് ജഗദീഷ് ഷെട്ടാറിനായിരുന്നെങ്കിലും അത് കേട്ടത് യെദ്യൂരപ്പയായിരുന്നു. കെ.എസ്. ഈശ്വരപ്പയെപ്പോലുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചൊല്ലാനായി വേദിയിലേക്ക് പോകുമ്പോള്‍ അനുഗ്രഹം വാങ്ങിയത് യെദ്യൂരപ്പയില്‍ നിന്നാണ്. അദ്ദേഹത്തിന്റെ കാല്‍തൊട്ടുവന്ദിക്കാനും ഈശ്വരപ്പ മറന്നില്ല.
കീറാമുട്ടിയാവുമെന്നു വിചാരിച്ച മന്ത്രിസഭാ വികസനം അധികം അസ്വാരസ്യങ്ങളില്ലാതെ കടന്നുപോയി. പക്ഷേ, എന്തിനുവേണ്ടിയായിരുന്നു ഈ അധികാരകൈമാറ്റം എന്ന് കൃത്യമായി വിശദീകരിക്കാനോ അത് മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയാനോ കഴിയാതെ ഒരുവേള യെദ്യൂരപ്പ ജനങ്ങളില്‍ നിന്ന് ഒളിച്ചുകളിക്കുകയുണ്ടായി. നേതൃമാറ്റത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നയായിരിക്കും ഈ പിന്മടക്കം അദ്ദേഹം നടത്തിയത്. എന്നാല്‍ അജന്‍ഡകള്‍ വിജയിക്കുന്നത് നേരില്‍ക്കാണാനും അതാസ്വദിക്കാനും സമയം കണ്ടെത്തുകയായിരുന്നു യെദ്യൂരപ്പ. ഒരിക്കലും നേതൃമാറ്റപ്രശ്‌നത്തില്‍ രാഷ്ട്രീയക്കളി നടത്തിയില്ലെന്ന് പറഞ്ഞാണ് ഈ പ്രശ്‌നത്തെ യെദ്യൂരപ്പ സമീപിച്ചത്.
ലിംഗായത്ത്-വൊക്കലിഗ തുടങ്ങിയ പ്രബല സമുദായങ്ങള്‍ സ്ഥാനങ്ങള്‍ക്കുവേണ്ടി കടുത്ത വിലപേശല്‍ നടത്തിയപ്പോള്‍ പിന്തുണയുമായി ചില സ്വാമിമാരും രംഗത്തിറങ്ങി. ജനസമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ജാതിചിന്തകള്‍ ഒന്നുകൂടി ആളിക്കത്തുകയാണ് സദാനന്ദ ഗൗഡയുടെ പുറത്താക്കലിലൂടെയും ഷെട്ടാറിന്റെ സ്ഥാനാരോഹണത്തിലൂടെയും ഉണ്ടായത്. മുഖ്യമന്ത്രി ലിംഗായത്ത്, ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക വൊക്കലിഗ, കെ.എസ്. ഈശ്വരപ്പ കുറുബ. ഇങ്ങനെയാണ് വീതംവെപ്പ്.
മന്ത്രിസഭാ വികസനത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യമൊന്നുമില്ല. പേരിനെങ്കിലും ഒരു സ്ഥാനം യെദ്യൂരപ്പയുടെ മന്ത്രിസഭയില്‍ മുസ്‌ലിം വനിതയ്ക്ക് നല്‍കിയിരുന്നു. എം.എല്‍.സി.യായിരുന്ന മുംതാസ് അലിഖാനാണ് അന്ന് യെദ്യൂരപ്പ മന്ത്രിസ്ഥാനം നല്‍കിയത്. പക്ഷേ, സദാനന്ദ ഗൗഡ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഇവരെ ഒഴിവാക്കി. പുതിയ മന്ത്രിസഭയില്‍ എത്തപ്പെട്ട പുതുമുഖങ്ങളായ സി.ടി. രവി ബി.ജെ.പി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഡി.എന്‍. ജീവരാജിന് മന്ത്രിപദം കിട്ടുന്നത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഒരിക്കല്‍ ചീഫ്‌വിപ്പ് സ്ഥാനം ഒഴിഞ്ഞ ജീവരാജിന് പുതിയ പദവി നേട്ടമായി. അതേസമയം, എം.എല്‍.സി.യായി തിരഞ്ഞെടുക്കപ്പെട്ടതിനുപിറകേ മന്ത്രിസ്ഥാനംകൂടി ലഭിച്ചത് ബി.ജെ. പുട്ടസ്വാമിക്ക് അനുഗ്രഹമായി. യെദ്യൂരപ്പയുടെ അനുയായി എന്നതാണ് എതിര്‍പ്പുണ്ടായിട്ടും പുട്ടസ്വാമിക്ക് ബര്‍ത്ത് ലഭിക്കാന്‍ കാരണം.