ഡി.ആര്‍.ഡി.ഒ.യുടെ ടെലിമെഡിസിന്‍ സാങ്കേതികവിദ്യ ഗ്രാമങ്ങളിലേക്കും

Posted on: 13 Jul 2012



കൊല്‍ക്കത്ത: ഗ്രാമീണ മേഖലകളിലും വിദൂരപ്രദേശങ്ങളിലും ഗുണപരമായ ആരോഗ്യരക്ഷാസൗകര്യം ലഭ്യമാക്കുന്നതിനായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ.) തങ്ങളുടെ ടെലിമെഡിസിന്‍ സാങ്കേതികവിദ്യ വാണിജ്യവത്കരിക്കുന്നു.

സൈനികര്‍ ഇതിനകം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ ജനറല്‍ വി.കെ സരസ്വത് പറഞ്ഞു. ഗ്രാമങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലികോം, ഐ.ടി സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദൂരമേഖലകളിലും മേന്മയേറിയ ആരോഗ്യസംരക്ഷണ, ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ടെലിമെഡിസിന്‍ സാങ്കേതികവിദ്യ. സായുധസേനകളുടെ സൗകര്യത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ടെലിമെഡിസിന്‍ സംവിധാനമാണ് ഡി.ആര്‍.ഡി.ഒ.യുടേത്. കരസേനയും നാവികസേനയും ഇതില്‍ പൂര്‍ണതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും സരസ്വത് അറിയിച്ചു.

അതിശൈത്യമേഖലയായ സിയാച്ചിനിലും സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകളിലുമൊക്കെ ടെലിമെഡിസിന്‍ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷത്തിനകം കമാന്‍ഡ് ആസ്​പത്രികളുമായും സേനയുടെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്​പത്രികളുമായും ഇതിനെ ബന്ധിപ്പിക്കാന്‍ കഴിയും.

ഗ്രാമീണ മേഖലകളില്‍ പത്തുലക്ഷത്തോളം എം.ബി.ബി.എസ്. ഡോക്ടര്‍മാരുടെ കുറവുള്ള രാജ്യത്ത് ഈ സംവിധാനം വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/