ജാമ്യത്തിന് പണം: ആന്ധ്രയില്‍ രണ്ട് ജഡ്ജിമാര്‍കൂടി അറസ്റ്റില്‍
Posted on: 13 Jul 2012
ഹൈദരാബാദ്: കര്‍ണാടക മുന്‍മന്ത്രിയും ഖനിവ്യവസായിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡിയുള്‍പ്പെട്ട കേസില്‍ ജാമ്യം നല്കാന്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) രണ്ട് ജഡ്ജിമാരെക്കൂടി അറസ്റ്റുചെയ്തു.
ശ്രീകാകുളം കുടുംബകോടതിജഡ്ജി ഡി. പ്രഭാകര്‍ റാവു, ഹൈദര്‍ഗുഡ സ്വദേശി കെ.ലക്ഷ്മീനരസിംഹ റാവു എന്നിവരാണ് അറസ്റ്റിലായത്. പ്രഭാകര്‍ റാവുവിനെ ആന്ധ്ര ഹൈക്കോടതി കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലക്ഷ്മീനരസിംഹറാവുവിനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നരസിംഹറാവുവിന്റെ വീട് എ.സി.ബി. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച റെയ്ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഈ കേസില്‍ ആന്ധ്ര ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത മൂന്നാമത്തെ ജഡ്ജിയാണ് റാവു. ഇദ്ദേഹത്തെ എ.സി.ബി. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ചോദ്യംചെയ്തു.
ജാമ്യം നല്കുന്നതിന് 10 കോടിരൂപ കൈക്കൂലി വാങ്ങിയ സംഭവം സി.ബി.ഐ. പുറത്തുകൊണ്ടുവന്നതിനു ശേഷം അറസ്റ്റിലാകുന്ന ഏഴാമത്തെ വ്യക്തിയും മൂന്നാമത്തെ ജഡ്ജിയുമാണ് ലക്ഷ്മീനരസിംഹറാവു.
ജനാര്‍ദന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിച്ച ജഡ്ജി ടി. പട്ടാഭിരാമറാവുവിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. അഴിമതിനിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഒബ്‌ലാപുരം ഖനികമ്പനി കേസില്‍ റെഡ്ഡിയ്ക്ക് ജാമ്യം നല്‍കാന്‍ ആന്ധ്ര തിരഞ്ഞെടുപ്പുകമ്മീഷന്റെ നിയമകാര്യസെക്രട്ടറിയായിരുന്ന പ്രഭാകര്‍ റാവു പട്ടാഭിരാമറാവുവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ആരോപണം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam